വെടിയുണ്ട കാണാതായതിൽ സിഎജിയുടെ കണ്ടെത്തലുകൾ തള്ളി പൊലീസ്

വെടിയുണ്ട കാണാതായ സംഭവത്തിൽ സിഎജിയെ തള്ളി പൊലീസ്. വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസിലെ ആഭ്യന്തര ഓഡിറ്റ് സമിതി റിപ്പോർട്ട് നൽകി. ഡിഐജി പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പൊലീസിന്റെ ആഭ്യന്തര ഓഡിറ്റ് സമിതി റിപ്പോർട്ട് പുറത്തു വരുന്നത്. സംഭവത്തിൽ സിഎജി റിപ്പോർട്ട് തള്ളിക്കളഞ്ഞ പൊലീസ് ഉപയോഗിക്കാത്ത വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഉപയോഗം കഴിഞ്ഞ 3706 വെടിയുണ്ടകൾ കാണാതായിട്ടുണ്ട്. ഇതിൽ 3624 എണ്ണം ഒരു ട്രെയിനിംഗ് ക്യാംപിൽ നിന്നാണ് നഷ്ടമായത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും പൊലീസിന്റെ ആഭ്യന്തര ഓഡിറ്റ് സമിതി റിപ്പോർട്ടിലുണ്ട്. എസ്എപി ക്യാമ്പിലെ എ.കെ.47 തോക്കിൽ ഉപയോഗിച്ച 9 തിരകൾ കാണാതെ വന്നതിന് പിന്നിൽ റെക്കോർഡുകൾ കൃത്യമായി സൂക്ഷിക്കാത്തതിലെ വീഴ്ചയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ആഭ്യന്തര ഓഡിറ്റ് സമിതിയുടെ പരിശോധന. നേരത്തെ സിഎജി സമർപ്പിച്ച റിപ്പോർട്ടിൽ ഉപയോഗിക്കാത്ത 12061 വെടിയുണ്ടകൾ കാണാതായെന്നായിരുന്നു ഉണ്ടായിരുന്നത്. ഇത് വിവാദമാവുകയും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഹൈക്കോടതി ഇടപെടലും ഉണ്ടായി.
Story highlight: Police reject CAG’s findings on missing bullet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here