ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പഠനം സുഗമമാക്കുന്നതിനും പഠന സാമഗ്രികളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന നിര്‍ദേശങ്ങള്‍ ചുവടെ
1. പഠനത്തിന് ഉപയോഗിക്കുന്ന ഫോണ്‍ അല്ലെങ്കില്‍ ടാബ് റീ ചാര്‍ജ് ചെയിട്ടുണ്ടെന്നും പഠനസമയത്തേക്ക് ആവശ്യമായ ഡാറ്റ ഉണ്ടെന്നും മുന്‍കൂട്ടി ഉറപ്പാക്കുക.
2. ഡിസ്‌പ്ലേ വ്യക്തമായി കാണത്തക്കവിധം അനുയോജ്യമായ സ്ഥലത്ത് ഉപകരണം വയ്ക്കുക.
3. ക്ലാസുകളുടെ തത്സമയ വെബ് സ്ട്രീമിംഗ് കാണുന്നതിനായി https://victers.kite.kerala.gov.in/ എന്ന ലിങ്ക് ഉപയോഗിക്കുക.
4. സംപ്രേഷണം കഴിഞ്ഞ ക്ലാസുകള്‍ വീണ്ടും കാണുന്നതിന് https://www.youtube.com/itsvicters എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്.
5. പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ ക്ലാസുകള്‍ വീക്ഷിക്കുമ്പോള്‍ രക്ഷാകര്‍ത്താക്കളില്‍ ഒരാള്‍ നിര്‍ബന്ധമായും ഒപ്പമുണ്ടാകണം.
6. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പവും രക്ഷിതാക്കളുടെ സാന്നിധ്യം അഭികാമ്യമാണ്.
7. പാഠഭാഗങ്ങളിലെ സംശയങ്ങള്‍ സ്‌കൂളിലെ ബന്ധപ്പെട്ട അധ്യാപകരോട് ഫോണിലൂടെയോ അനുവദനീയമായ സോഷ്യല്‍മീഡിയ ഗ്രൂപ്പിലൂടെയോ ചോദിക്കാം.
8. പാഠാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഡോക്യുമെന്റുകള്‍, വര്‍ക്ക് ഷീറ്റുകള്‍ തുടങ്ങിയവ അധ്യാപകര്‍ നിര്‍ദേശിക്കുന്ന മാധ്യമങ്ങളിലൂടെ മാത്രം ഷെയര്‍ ചെയ്യുക.
9. പഠനാവശ്യത്തിനു മാത്രമാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.
10. അധ്യാപകരുടെ നിര്‍ദേശപ്രകാരം മാത്രമെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവൂ.
11. അനാവശ്യമായ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കണം.
12. അപരിചിതമായ നമ്പരുകളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ വിദ്യാര്‍ഥികള്‍ അറ്റന്‍ഡ് ചെയ്യുകയോ ആ നമ്പരിലേക്ക് തിരിച്ചുവിളിക്കുകയോ ചെയ്യരുത്.
13. ഒന്നിലധികം കുട്ടികള്‍ ഒന്നിച്ചാണ് ക്ലാസില്‍ പങ്കുചേരുന്നതെങ്കില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
Story Highlights: Online Learning Things Students and Parents Should Care About
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here