ശ്രീചിത്ര ഡയറക്ടറായി പ്രൊഫ. ആശാ കിഷോര്‍ തുടരും

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുടെ നിലവിലെ ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോര്‍ ഡയറക്ടര്‍ സ്ഥാനത്ത് തുടരും. 2020 മെയ് 12-ന് ചേര്‍ന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയുടേതാണ് തീരുമാനം. 2020 ജൂലൈ 17 മുതല്‍ 2025 ഫെബ്രുവരിയില്‍ വിരമിക്കുന്നത് വരെ പ്രൊഫ. ആശാ കിഷോറിന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാം. ഡയറക്ടര്‍ എന്ന നിലയില്‍ പ്രൊഫ. ആശാ കിഷോര്‍ നടത്തിയ മികച്ച പ്രവര്‍ത്തനം, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇന്‍സ്റ്റിറ്റ്യൂട്ട് കൈവരിച്ച പുരോഗതി, കീഴ്വഴക്കങ്ങള്‍, നിയമന ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍ മുതലായവ പരിഗണിച്ച്, 1981-ലെ എസ്സിടിഐഎംഎസ്ടി ചട്ടങ്ങളിലെ ചട്ടം 7 (ii), എസ്സിടിഐഎംഎസ്ടി ആക്ട് 1980-ലെ വകുപ്പ് 11 (1) എന്നിവ പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി തീരുമാനം കൈക്കൊണ്ടത്.
പ്രൊഫ. ആശാ കിഷോര്‍ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വൈദ്യശാസ്ത്ര ഉപകരണ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തിലെ ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിന് കീഴില്‍ വൈദ്യശാസ്ത്ര ഉപകരണങ്ങളും ഉത്പന്നങ്ങളും വികസിപ്പിക്കുന്നതിന് 37 പുതിയ ഗവേഷണ പദ്ധതികള്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ, അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നിവയ്ക്ക് ശക്തിപകരാന്‍ ഈ ഗവേഷണ പദ്ധതികള്‍ക്ക് കഴിയും. ശ്രീചിത്രയ്ക്ക് അകത്തും പുറത്തുമുള്ള ഡോക്ടര്‍മാരുടെ സഹകരണത്തോടെ നടക്കുന്ന ഗവേഷണങ്ങളിലൂടെ വ്യവസായ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമായി. മൂന്ന് വര്‍ഷത്തിനിടെ 18 പുതിയ വൈദ്യശാസ്ത്ര ഉപകരണ സാങ്കേതികവിദ്യകളാണ് ശ്രീചിത്ര വികസിപ്പിച്ചെടുത്തത്. ഇതില്‍ ഒരെണ്ണം വിപിണിയിലെത്തിച്ചു. അഞ്ച് സാങ്കേതികവിദ്യകള്‍ കൂടി കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ പങ്കാളിത്തത്തോടെ ഡീപ് ബ്രെയിന്‍ സിമുലേറ്റര്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രൊഫ. ആശാ കിഷോറിന്റെ നേതൃത്വത്തിലുള്ള ഗവേഷണവും പുരോഗമിക്കുകയാണ്.
Story Higlights: Sree Chithra Institute; Prof. Asha Kishore will continue as director
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here