സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതി: മുഖ്യമന്ത്രി

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫീസ് മേധാവിക്ക് ഇക്കാര്യം ക്രമീകരിക്കാം. പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് വൈറസ് ബാധവരുമ്പോള്‍ ഒരു മേഖലയാകെ സ്തംഭിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണ്. അവയുടെ പ്രവര്‍ത്തനം നിലയ്ച്ചുപോകരുത്. പകുതി ആളുകള്‍ മാത്രമേ ഒരു സമയം ഓഫീസുകളില്‍ ഉണ്ടാകേണ്ടതുള്ളൂ. വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നത് ഈ ഘട്ടത്തില്‍ തുടരുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണ നടപടി ക്രമം അനുസരിച്ച് ധാരാളം മീറ്റിംഗുകള്‍ വേണ്ടിവരും. ഓഫീസ് മീറ്റിംഗുകള്‍ ഓണ്‍ലൈനിലാക്കണം. ഓഫീസുകളിലെ സുരക്ഷാ ക്രമീകരണം പാളിയതിന്റെ ഫലം പലയിടങ്ങളിലും കാണുന്നുണ്ട്. ഇതെല്ലാം കാണിക്കുന്നത് നിയന്ത്രണം കര്‍ശനമായി തുടരണമെന്നതാണ്. ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം. ചീഫ് സെക്രട്ടറി തന്നെ മോണിറ്റര്‍ ചെയ്ത് ഉറപ്പുവരുത്തും. കൊവിഡ് ഡ്യൂട്ടിക്ക് ആളുകളെ നിയോഗിക്കുമ്പോള്‍ അതത് ജില്ലകളില്‍ നിന്ന് പൂള്‍ ചെയ്ത് നിയോഗിക്കുന്നതാണ് നല്ലത്. കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം ആ ഘട്ടത്തില്‍ താമസിക്കരുത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. എന്തെങ്കിലും വീഴ്ച ഏതെങ്കിലും സ്ഥലത്ത് ഉണ്ടെങ്കില്‍ അത് കൃത്യമായി പരിശോധിക്കാനും തിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: 50 percent employees to attend government offices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here