വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം: പൊലീസ്

കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസറും എഡിജിപിയുമായ മനോജ് ഏബ്രഹാം.
പ്രമുഖമായ ഇ- കോമേഴ്‌സ് സൈറ്റുകള്‍ക്ക് സമാനമായ സൈറ്റുകള്‍, കുറഞ്ഞ തുകയ്ക്ക് ബ്രാന്‍ഡഡ് ആയിട്ടുള്ള പ്രോഡക്ടസ് വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും വാട്‌സ്ആപ്പ്, ഇ-മെയില്‍ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളായും തട്ടിപ്പുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി പണം നല്‍കുന്നവര്‍ക്ക് പണം നഷ്ടപ്പെടുന്നുണ്ട്.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതലായി ഇ-കൊമേഴ്‌സ് സൈറ്റുകളെ ആശ്രയിക്കുന്ന സാഹചര്യം മുതലാക്കിയാണ് തട്ടിപ്പുകാര്‍ ഇത്തരം തട്ടിപ്പുകള്‍ കൂടുതലായി നടത്തുന്നത്. ഇത്തരം വ്യാജ സൈറ്റുകളെ തിരിച്ചറിയുന്നതിനു അത്തരം സൈറ്റുകളുടെ വെബ്‌സൈറ്റ് അഡ്രെസ് പരിശോധിച്ചാല്‍ സാധിക്കുന്നതാണ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്ന് ലോക്ക്ഡൗണിന്റെ ആദ്യകാലങ്ങളില്‍ തന്നെ സൈബര്‍ഡോം ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുതലായി കണ്ടു വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എഡിജിപിയും, സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് ഏബ്രഹാം പറഞ്ഞു
തട്ടിപ്പുകള്‍ നടത്തുന്ന രീതി ദിനംപ്രതി മാറി വരുന്ന സാഹചര്യത്തില്‍, ഇത്തരം തട്ടിപ്പുകളെ കുറിച്ച് മനസിലാക്കുവാനും, ജാഗ്രത പുലര്‍ത്തുവാനുമായി നിരന്തരമായി കേരള പൊലീസ്, സൈബര്‍ഡോം എന്നിവയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. കൂടാതെ ഇത്തരത്തില്‍ ഉള്ള തട്ടിപ്പുകള്‍ക്കെതിരെയുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ സൈബര്‍ഡോമിന്റെ bsafe എന്ന അപ്ലിക്കേഷന്‍ വഴിയും അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് സന്ദേശമായി ലഭിക്കുന്നതാണ്. കേരളാ പൊലീസിന്റെ ഇത്തരം സേവനങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും എഡിജിപി പറഞ്ഞു.
Story Highlights: Beware of fake shopping sites: police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here