ആരോഗ്യമന്ത്രിക്ക് കൊവിഡ്; ഡൽഹിയിൽ വകുപ്പ് ചുമതല ഉപമുഖ്യമന്ത്രി ഏറ്റെടുത്തു

ഡൽഹിയിലെ ആരോഗ്യ വകുപ്പിൻ്റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഏറ്റെടുത്തു. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. അതിനിടെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ മലയാളികൾ അടക്കമുള്ള നഴ്സുമാരെ പിരിച്ചുവിട്ടു.
കൊവിഡ് പോസറ്റീവായതിനെ തുടർന്ന് ആരോഗ്യമന്ത്രി സത്യേന്ദ ജയിൻ ചികിത്സയിൽ ആയതിനാലാണ് ഉപമുഖ്യമന്ത്രി ആരോഗ്യവകുപ്പിൻ്റെ ചുമതല ഏറ്റെടുത്തത്. കടുത്ത പനിയും ശ്വാസ തടസ്സവും കാരണം സത്യേന്ദ്ര ജെയിൻ നിലവിൽ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു .
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. പരിശോധനകളുടെ എണ്ണം വർധിപ്പിച്ച് പ്രതിരോധ നടപടി ഊർജിതമാക്കാനാണ് തീരുമാനം.
രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ ചാണക്യപുരിയിലെ പ്രൈമസ് ഹോസ്പിറ്റലിലെ 11 നഴ്സുമാരെ പിരിച്ചുവിട്ടു. ഇതിൽ പത്ത് പേർ മലയാളികളാണ്. സുരക്ഷാ കിറ്റുകൾ നൽകാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം പ്രതിഷേധം നടത്തിയതിൻ്റെ പ്രതികാര നടപടിയാണ് പിരിച്ചുവിടലിന് കാരണമെന്ന് നഴ്സുമാർ പറഞ്ഞു. കൂടാതെ കഴിഞ്ഞ 2 മാസമായി കൃത്യമായ ശമ്പളവും നഴ്സുമാർക്ക് ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു.
അതേ സമയം, ഇന്ത്യയിൽ കൊവിഡ് കേസുകൾ 12000 കടന്നു. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 12,237 ആയി. ആകെ കൊവിഡ് കേസുകൾ 366946 ആയി. തുടർച്ചയായ ഒൻപതാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായിട്ടുണ്ട്. 194324 പേർ രോഗമുക്തരായി. 160384 പേരാണ് ചികിത്സയിലുള്ളത്.
Story Highlights- Manish Sisodia takes over charge of health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here