Advertisement

സാമൂഹ്യ അകലം കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി: മുഖ്യമന്ത്രി

June 20, 2020
2 minutes Read
PINARAYI VIJAYAN

സംസ്ഥാനത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുളള മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില കടകളില്‍ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. മാനദണ്ഡം ലംഘിച്ച് കട പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടികള്‍ക്ക് നിര്‍ബന്ധിതമാകും. തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാത്രമായി മൂന്ന് പട്രോള്‍ വാഹനങ്ങള്‍ നിയോഗിച്ചിട്ടുണ്ട്.

മാസ്‌ക്ക് ധരിക്കാത്ത 4929 സംഭവങ്ങള്‍ സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന്‍ ലംഘിച്ച 19 പേര്‍ക്കെതിരെ ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. മെയ് ഏഴുമുതല്‍ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതില്‍ 225 ചാര്‍ട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങള്‍ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളില്‍നിന്ന് എത്തിയത്. സംസ്ഥാനത്തിനു പുറത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങി 137 പേര്‍ എത്തിയിട്ടുണ്ട്. ഇതുവരെ 124 സമ്മതപത്രങ്ങളിലൂടെ 1048 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യുഎഇയില്‍നിന്ന് 154 വിമാനങ്ങളിലായി 28,114 പേരാണ് മടങ്ങിയെത്തിയത്. കുവൈത്ത് 60 വിമാനം – 10,439 പേര്‍, ഒമാന്‍ 50 വിമാനം – 8,707 പേര്‍, ഖത്തര്‍ 36 വിമാനം – 6005 പേര്‍, ബെഹ്‌റൈന്‍ 26 വിമാനം – 4309 പേര്‍, സൗദി 34 വിമാനം – 7190 പേര്‍. ഇത് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തിയവരാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് 44 വിമാനങ്ങളിലായി 7,184 ആളുകള്‍ എത്തിയിട്ടുണ്ട്. ആകെ വന്ന 71,958 പേരില്‍ 1524 മുതിര്‍ന്ന പൗരന്‍മാരും 4898 ഗര്‍ഭിണികളും 7193 കുട്ടികളുമുണ്ട്. 35,327 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടു വന്നവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Story Highlights:Police were instructed to strictly enforce the social distance : CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top