ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു: കേന്ദ്രമന്ത്രി ജനറല്‍ വികെ സിംഗ്
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വികെ സിംഗ്. നമുക്ക് 20 സൈനികരുടെ ജീവന്‍ നഷ്ടമായെങ്കില്‍ അതിന്റെ ഇരട്ടിയിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചുവെന്ന് വികെ സിംഗ് പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയത്. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രസഭയിലെ ആദ്യ പ്രതികരണമാണിത്.
സംഘര്‍ഷത്തില്‍ ചൈനയ്ക്കുണ്ടായ നഷ്ടം അവര്‍ മറച്ചുവയ്ക്കുകയാണ്. 1962ലെ യുദ്ധത്തിലുണ്ടായ നഷ്ടങ്ങള്‍ പോലും മറച്ചുവച്ചവരാണ് ചൈന. ഗല്‍വാനിലുണ്ടായ നഷ്ടങ്ങളും ചൈനീസ് ഭാരണകൂടം ഒരിക്കലും തുറന്നുപറയാന്‍ പോകുന്നില്ലെന്നും വികെ സിംഗ് പറഞ്ഞു. പിടികൂടിയ ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ കണ്ടു. സംഘര്‍ഷ സമയത്ത് അതിര്‍ത്തി കടന്ന ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു. പിന്നീട് ഇവരെ ചൈനയ്ക്ക് വിട്ടുനല്‍കിയതായും വികെ സിംഗ് വെളിപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നത്. ഒരു കേണല്‍ ഉള്‍പ്പടെ 20 സൈനികരെയാണ് സംഘര്‍ഷത്തില്‍ ഇന്ത്യക്ക് നഷ്ടമായത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story Highlights: Forty Chinese soldiers killed in India-China conflict: Union Minister VK Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here