Advertisement

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് മാറ്റിനിർത്തൽ; നിരപരാധിത്വം സമൂഹത്തിന് മുന്നിൽ തെളിയിക്കുമെന്ന് തിരക്കഥാകൃത്ത്

June 27, 2020
1 minute Read

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന മാറ്റിനിർത്തപ്പെട്ടതിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ തെറ്റെന്ന് തോന്നിയവയിൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബാക്കിയെല്ലാം ദുർവ്യാഖ്യാനങ്ങള്‍ ആണെന്ന് റമീസ് പറയുന്നു. നിരപരാധിത്വം സമൂഹത്തിന് മുന്നിൽ ബോധിപ്പിക്കുമെന്നും റമീസ്. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന വിവരവും റമീസ് സമൂഹമാധ്യമത്തിൽ നല്‍കിയ കുറിപ്പിലൂടെ സ്ഥിരീകരിച്ചു.

റമീസ് പറഞ്ഞത്,

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.

Read Also: വാരിയംകുന്നന്റെ തിരക്കഥാകൃത്തിനെ മാറ്റി; വിശദീകരണവുമായി ആഷിഖ് അബു

എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൗർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ആഷിഖ് അബുവും ഇക്കാര്യത്തിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. റമീസിന്റെ രാഷ്ട്രീയ നിലപാടുകളുമായി യോജിപ്പില്ലെന്നും ചിത്രവുമായി മുന്നോട്ട് പോകുമെന്നും ആഷിഖ് അബു വ്യക്തമാക്കി. സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിനെതിരെയും ആഷിഖ് അബുവിനെതിരെയും വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. ഇവരുടെ കുടുംബത്തെക്കൂടി വലിച്ചിഴക്കുന്ന രീതിയിലുള്ള ആക്രമണമുണ്ടായി. ശേഷം മൂന്ന് സിനിമകൾ ഇതേ വിഷയത്തിൽ പ്രഖ്യാപിക്കപ്പെട്ടു. ബിജെപി അടക്കമുള്ള സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തി.

 

variyamkunnan script writer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top