പൂജ ചെയ്ത് അസുഖം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് യുവാവ് തട്ടിയത് 82 ലക്ഷം രൂപ

പൂജ ചെയ്ത് അസുഖം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് യുവാവ് തട്ടിയത് 82 ലക്ഷം രൂപ. തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയുമാണ് കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ആനന്ദാശ്രമം പൊട്ടൻകുളം വീട്ടിൽ ഷാജിയുടെ മകൻ (19) അലക്‌സ് ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്തത്. പൂജ ചെയ്ത് അസുഖം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷമാണ് തട്ടിപ്പ് നടത്തിയത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയിൽ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയം പ്രതിയായ അലക്‌സ് അവിടെ റൂം ബോയ് ആയിരുന്നു. പരാതിക്കാരിയുടെ ഹൃദയസംബന്ധമായ അസുഖവും മറ്റും മനസിലാക്കിയ പ്രതി തനിക്ക് അസുഖം മാറ്റുവാനുള്ള പ്രത്യേക പൂജ അറിയാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം തന്നെ ഇയാൾ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുമായി 9 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പല തവണകളായി ഇയാൾ 16 ലക്ഷം രൂപ കൈവശപ്പെടുത്തി. തുടർന്ന് പ്രതി പരാതിക്കാരിയുടെ മകളെ ചിറ്റൂർ റോഡിലേക്ക് വിളിച്ചുവരുത്തി ഇനിയും കൂടുതൽ പൂജാകർമ്മങ്ങൾ ചെയ്തില്ലെങ്കിൽ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നും ഇനിയും കൂടുതൽ പണം വേണമെന്നും പറഞ്ഞ് ഭയപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് തട്ടിയെടുത്തു. പിന്നീട് പ്രതി എടിഎം കാർഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ പിൻവലിക്കുകയും വിവിധ സാധനങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്തു. പിന്നീട് പണത്തിനായി പ്രതി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. തുടർന്നാണ് അവർ പരാതിയുമായി ഡെപ്യൂട്ടി കമ്മീഷണർ പൂങ്കുഴലി ഐപിഎസിന്റെ ഓഫിസിൽ എത്തുന്നത്. ഡിസിപി അവരെ സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
അപഹരിച്ച പണം കൊണ്ട് അലക്‌സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈൽ ഫോണുകളും ആഡംബര ബൈക്കും മറ്റും വാങ്ങിയിരുന്നു. ലക്ഷങ്ങൾ വിലവരുന്ന മുന്തിയ ഇനം വളർത്തു നായയെയും അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പ്രതി വാങ്ങിയിരുന്നു.
Story Highlights- Robbery, Pooja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here