Advertisement

‘കേരള കോൺഗ്രസ് സുന്ദരിപ്പെണ്ണ്’; കെ എം മാണി പറഞ്ഞത് ആവർത്തിക്കപ്പെടുമ്പോൾ…

June 29, 2020
2 minutes Read

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ഒടുവിൽ ജോസ് കെ മാണി പക്ഷത്തിന്റെ പുറത്താക്കൽ നടപടിയിലാണ് എത്തിനിൽക്കുന്നത്. കേരള കോൺഗ്രസിന്റെ നെടും തൂണായിരുന്ന കെ എം മാണിയുടെ മരണ ശേഷം പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരള കോൺഗ്രസിനെ ആര് നയിക്കുമെന്ന തർക്കം നിലനിൽക്കെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ രാഷ്ട്രീയ വിവാദം. ജോസ് വിഭാഗം യുഡിഎഫിന് പുറത്താകുമ്പോൾ പണ്ട് കെ എം മാണി പറഞ്ഞത് ആവർത്തിക്കപ്പെടുകയാണ്, അതിന് പിന്നിലുമുണ്ട് ചില സൂചനകൾ.

ബാർ കോഴക്കേസ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കാലം. അന്ന് യുഡിഎഫ് വേണ്ട രീതിയിൽ പിന്തുണച്ചില്ലെന്ന് പരിഭവപ്പെട്ട് കെ എം മാണി മുന്നണി വിട്ട് ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ചു. നിലപാട് വിശദീകരിക്കാൻ കോട്ടയത്ത് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു കെ എം മാണി കേരള കോൺഗ്രസിനെ സുന്ദരിപ്പെണ്ണിനോട് ഉപമിച്ചത്. ഒരു മുന്നണിയുടേയും ഭാഗമാകാതെ ഒറ്റയ്ക്ക് നിൽക്കാൻ കഴിയുന്ന പിൻബലം കേരള കോൺഗ്രസിന് ഉണ്ടെന്നായിരുന്നു മാണിയുടെ വാക്കിലെ ധ്വനി. ഇന്ന് ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയപ്പോൾ എം ജയരാജ് എംഎൽഎ മാണിയുടെ വാക്കുകൾ ആവർത്തിച്ച് പ്രകടിപ്പിച്ചതും ആ ആത്മവിശ്വാസമാണ്.

read also: ‘പുറത്താക്കിയത് കെ എം മാണിയെ, അനീതി’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി

ജോസ് കെ മാണിയുടെ കരുനീക്കം എന്താണെന്ന് വരും ദിവസങ്ങളിലേ അറിയാൻ കഴിയൂ. കോട്ടയം പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്ന് ജോസ് കെ മാണി ആവർത്തിച്ച് കഴിഞ്ഞു. നിലപാട് മയപ്പെടുത്തിയാൽ ജോസ് കെ മാണിക്ക് ഒരു പക്ഷേ യുഡിഎഫിലേക്ക് തിരികെ പോകാൻ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എൽഡിഎഫിലേക്ക് എത്തുക എന്നത് വേഗത്തിൽ നടക്കുന്ന കാര്യമല്ല. സ്വതന്ത്രമായി നിൽക്കാം എന്നത് സാധ്യമാണ്, പക്ഷേ മാണിയുടെ മരണത്തോടെ നന്നേ ദുർബലരായ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് അതിന് കഴിയുമോ എന്നാണ് അറിയേണ്ടത്. മാണിയുടെ വാക്കുകൾ ആവർത്തിക്കുമ്പോഴും ആ ചോദ്യം ബാക്കിയാകുന്നു.

story highlights- kerala congress, jose k mani, p j joseph , k m mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top