‘സെലക്ടീവ് ജസ്റ്റീസ്’ ആണ് നടപ്പിലാക്കുന്നത്; പല ധാരണകളും യുഡിഎഫ് മറന്നുപോകുന്നു: ജോസ് കെ മാണി

യുഡിഎഫ് ‘സെലക്ടീവ് ജസ്റ്റീസ്’ ആണ് നടപ്പിലാക്കുന്നതെന്ന് ജോസ് കെ മാണി എംപി. ചില ധാരണകളും പരാമര്‍ശങ്ങളും യുഡിഎഫ് ബോധപൂര്‍വം മറന്നുപോകുന്നു. നിരന്തരമായി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന പരാമര്‍ശങ്ങളുമായി പി ജെ ജോസഫ് പലപ്പോഴും രംഗത്ത് എത്തി. പാലായിലെ തെരഞ്ഞെടുപ്പും അകലക്കുന്നത്തെ ഉപതെരഞ്ഞെടുപ്പും വന്നപ്പോഴെല്ലാം ഇത്തരം പരാമര്‍ശം നടത്തി. എന്നിട്ടും നടപടികളില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് കോട്ടയത്ത് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
Read More: നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കും: ജോസ് കെ മാണി
രണ്ട് ഗ്രൂപ്പുകള്‍ ഒരുമിച്ച് നിന്ന് അംഗീകരിക്കുന്നതാണ് ധാരണ. ഒരു ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം മറുവശം അംഗീകരിക്കാതെ വരുമ്പോള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ധാരണയെന്ന് പറയാനാവില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേരാത്രി കൂടെനിന്ന രണ്ടുപേര്‍ കാലുമാറി. അവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. നിതീയുടെ പ്രശ്‌നമാണ് ഇത്. ധാരണയുടെ കാര്യമാണ് മുന്നണി മുന്നോട്ടുവയ്ക്കുന്നതെങ്കില്‍ 1000 പ്രാവശ്യമെങ്കിലും പി ജെ ജോസഫിനെ പുറത്താക്കേണ്ടതുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിനെ പരാജയപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പി ജെ ജോസഫ് നടത്തി. എന്നിട്ട് നടപടിയെടുത്തോ…?
Read More: ‘പുറത്താക്കിയത് കെ എം മാണിയെ, അനീതി’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി
ബോധപൂര്‍വമായുള്ള രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കുന്നത്. കേരളകോണ്‍ഗ്രസ് ആരുടെ കീഴിലും അടയറവ് പറയില്ല. ഇത് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ മാത്രം പ്രശ്‌നമല്ല. നീതിയുടെ പ്രശ്‌നമാണ്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് രാജിവയ്ക്കണമെന്നാണ് പറയുന്നത്. പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു.
Story Highlights: udf Selective Justice, Jose K Mani talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here