തെങ്കാശിയിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ കസ്റ്റഡി മരണം; കുറ്റവാളികളായ പൊലീസുകാരെ സസ്‌പെൻഡ് ചെയ്യും

തെങ്കാശിയിൽ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ കുറ്റവാളികളായ സബ് ഇൻസ്‌പെക്ടറെയും കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്യുമെന്ന് അധികൃതർ. കുമരേശൻ എന്ന 25 കാരനാണ് പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്. കുമരേശന്റെ അച്ഛൻ എ നവനീതകൃഷ്ണൻ പരാതി സമർപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നവനീതകൃഷ്ണന്റെ പരാതിയെ തുടർന്ന് കുറ്റക്കാരായി കണ്ടെത്തിയ സബ് ഇൻസ്‌പെക്ടർ ചന്ദ്രശേഖറിനെതിരെയും കോൺസ്റ്റബിൾ കുമാറിെതിരെയും ഐപിസി സെക്ഷൻ 174(3) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തൂത്തുകുടിയിൽ അച്ഛനും മകനും ദാരുണമായി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിന് പിന്നാലെ തമിഴ്‌നാട് പൊലീസിനെ പ്രതിരോധത്തിലാക്കി വീണ്ടും മറ്റൊരു കസ്റ്റഡി മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്. തെങ്കാശിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ എൻ കുമരേശനാണ് (25) പൊലീസിന്റെ അതിക്രൂര മർദനത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങിയത്. തിരുനൽവേലി സർക്കാർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം.
തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
സെന്തിൽ എന്ന വ്യക്തിയുമായി വസ്തു തർക്കമുണ്ടായിരുന്നു കുമരേശന്. ഈ കേസിന്റെ അന്വേഷണത്തിനായാണ് വീരകേരളംപുത്തുർ സ്റ്റേഷനിലേക്ക് കുമരേശനെ പൊലീസ് വിളിച്ചുവരുത്തുന്നത്. ആദ്യം സബ് ഇൻസ്‌പെക്ടർ ചന്ദ്രശേഖർ കുമരേശനെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പിറ്റേ ദിവസം ഓട്ടോറിക്ഷാ സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന കുമരേശനോട് വീണ്ടും പൊലീസ് സ്റ്റേഷനിലെത്താൻ ഉത്തരവിട്ടു. പൊലീസ് സ്റ്റേഷനിൽ വച്ച് കുമരേശനും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് അന്നും കുമരേശനെ പൊലീസ് വിട്ടയച്ചു. തൊട്ടടുത്ത ദിവസം, മെയ് 10ന് കുമരേശനെ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അതിക്രൂരമായി മർദിച്ച് അവശനാക്കുകയുമായിരുന്നു. കുമരേശന്റെ സ്വകാര്യ ഭാഗത്തും നെഞ്ചിലുമെല്ലാം പൊലീസ് ചവിട്ടി. പുറത്തും മറ്റ് ശരീരഭാഗങ്ങളിലുമെല്ലം ക്രൂരമായി മർദിച്ചുവെന്ന് പിതാവ് പറയുന്നു. മർദനത്തെ കുറിച്ച് വെളിപ്പെടുത്തിയാൽ വ്യാജ കേസുകൾ തലയിൽ കെട്ടിവയ്ക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും അച്ഛൻ കൂട്ടിച്ചേർത്തു.
തൂത്തുക്കുടി കസ്റ്റഡി മരണം; അച്ഛനും മകനും പരുക്കേറ്റത് സ്റ്റേഷനിൽ വച്ച്
മർദനം നടന്ന് ഒരു മാസത്തിനിപ്പുറം ജൂൺ 10നാണ് കുമരേശൻ രക്തം ഛർദിക്കുന്നത്. ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുമരേശന്റെ ആന്തരിക അവയവങ്ങൾക്കുണ്ടായ ഗുരുതര തകരാറിനെ കുറിച്ച് ഡോക്ടർമാർ കുടുംബത്തോട് പറയുന്നത്. അപ്പോഴാണ് പൊലീസ് മർദനത്തെ കുറിച്ച് കുമരേശനും വീട്ടുകാരോട് വെളിപ്പെടുത്തുന്നത്. കുമരേശന്റെ വൃക്ക, ശ്വാസകോശം അടക്കം മർദനത്തെ തുടർന്ന് തകരാറിലായിരുന്നു. ഏറെ ദിവസത്തെ ചികിത്സയ്‌ക്കൊടുവിൽ കുമരേശൻ ശനിയാഴ്ച മരണത്തിന് കീഴടങ്ങി.
Story Highlights- young auto driver custodial death shocks TN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here