ഇന്ത്യയിലെ ഹൈവേ, റോഡ് നിർമാണ പദ്ധതികളിൽ ചൈനീസ് കമ്പനികളെ അനുവദിക്കില്ല: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ഇന്ത്യയിലെ ഹൈവേ, റോഡ് നിർമാണ പദ്ധതികളിൽ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ചൈനീസ് കമ്പനികളുമായി ചേർന്നുള്ള കൂട്ടുസംരംഭങ്ങൾക്ക് റോഡ് നിർമാണത്തിന് അനുമതി നൽകില്ലെന്നും ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി വ്യക്തമാക്കി.
സംയുക്ത റോഡ് നിർമാണ സംരംഭങ്ങളിലും ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ ചൈനീസ് നിക്ഷേപകർക്ക് അനുമതി കൊടുക്കില്ല. ഇതിനു പുറമേ, ഹൈവൈ നിർമാണ പദ്ധതികളിൽ നിന്ന് ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മാത്രമല്ല, ഇന്ത്യൻ കമ്പനികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള പുതിയ സർക്കാർ നയം ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള പദ്ധതികൾക്കും വരാനിരിക്കുന്ന ടെൻഡറുകൾക്കും ഈ തീരുമാനം ബാധകമായിരിക്കും.
ഇന്ത്യൻ കമ്പനികൾ വൻകിട നിർമാണ പദ്ധതികളിൽ പങ്കാളികളാകുന്നതിന് ഉതകുന്ന വിധത്തിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തും. ഇതിന്റെ തുടർ നടപടികൾക്കായി ഹൈവേ സെക്രട്ടറിക്കും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാനും നിർദേശം നൽകിയതായും നിതിൻ ഗഡ്കരി പറഞ്ഞു.
Story highlight: Chinese companies will not be allowed to participate in highway and road construction projects in India: Union Minister Nitin Gadkari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here