അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് രണ്ട് വർഷം; കേസ് വിചാരണ നടപടിയിൽ

എസ്എഫ്‌ഐ നേതാവ് അഭിമന്യു എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റ് മരിച്ചിട്ട് ഇന്ന് രണ്ട് വർഷം. കോളജ് മതിലിൽ പോസ്റ്ററൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്തിയത്. അഭിമന്യുവിനെ കുത്തിയ പ്രതി സഹൽ ഒരാഴ്ച മുൻപ് കോടതിയിൽ കീഴടങ്ങി. എന്നാൽ കുത്താനുപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസ് ഇപ്പോൾ വിചാരണ നടപടിയിലാണ്.
2018 ജൂലൈ രണ്ടിന് പുലർച്ചെ കാമ്പസ് ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകർ അഭിമന്യുവിനെ മഹാരാജാസ് കോളജിന്റെ നടുതളത്തിൽ കുത്തി വീഴ്ത്തുകയായിരുന്നു. രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയായിരുന്നു അഭിമന്യു. അക്രമികളിൽ ഒരാൾ അഭിമന്യുവിനെ പിടിച്ച് വയ്ക്കുകയും സഹൽ എന്ന പനങ്ങാട് സ്വദേശി അഭിമന്യുവിന്റെ നെഞ്ചിലേയ്ക്ക് കത്തി കുത്തിക്കയറ്റുകയുമായിരുന്നു.
Read Also: മനാഫ് വധക്കേസ്; കുടുംബം കളക്ട്രേറ്റ് പടിക്കൽ നീതി സമരം നടത്തി
അഭിമന്യുവിനൊപ്പം രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് കൂടി വെട്ടേറ്റിരുന്നു. അർജുൻ, വിനീത് എന്നിവർക്കായിരുന്നു വെട്ടേറ്റത്. 2018 സെപ്തംബറിലാണ് 16 കാമ്പസ് ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം നൽകിയത്.
സഹലിന്റെ മൊഴി പ്രകാരം അഭിമന്യുവിനെ കുത്താൻ ഉപയോഗിച്ച കത്തി വെണ്ടുരുത്തി പാലത്തിന് സമീപം കയലിൽ വലിച്ചെറിഞ്ഞെന്നായിരുന്നു വിവരം. എന്നാൽ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കത്തി കണ്ടെത്താനായിരുന്നില്ല. വട്ടവടയിലെ ഒറ്റമുറി വീട്ടിൽ നിന്നാണ് നിരവധി സ്വപ്നങ്ങളുമായാണ് അഭിമന്യു എന്ന ചെറുപ്പക്കാരൻ എറണാകുളം മഹാരാജാസ് കോളജിൽ എത്തിയത്. എന്നാൽ രാഷ്ട്രീയ എതിരാളികളുടെ കത്തിമുനയിൽ ആ സ്വപ്നങ്ങൾ എന്നന്നേക്കുമായി ഇല്ലാതായി.
abhimanyu death, maharajas college ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here