ജോസ് കെ മാണി വിഭാഗത്തിന് പ്രലോഭനങ്ങളുമായി സിപിഐഎം-ഇടതു നേതൃത്വം

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് പ്രലോഭനങ്ങളുമായി സിപിഐഎം-ഇടതു മുന്നണി നേതൃത്വങ്ങള്‍. കേരളാ കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിലെ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി. ഇടതുനേതാക്കളുടെ പ്രതികരണങ്ങളെ ജോസ് കെ മാണി സ്വാഗതം ചെയ്തപ്പോള്‍, യുഡിഎഫ് വിട്ടതില്‍ അദ്ദേഹത്തിന് നിഗൂഢലക്ഷ്യങ്ങളുണ്ടെന്ന് പിജെ ജോസഫ് ആരോപിച്ചു.
ദേശാഭിമാനിയിലെഴുതിയ പികെ ചന്ദ്രാനന്ദന്‍ അനുസ്മരണത്തിലാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ പുകഴ്ത്തി കോടിയേരി രംഗത്തെത്തിയത്. കേരളാ കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകും. ഇത് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കുറിച്ചു. ഏത് മുന്നണിയിലേക്ക് പോകുമെന്ന് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പൊതു സാഹചര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ജോസ് വിഭാഗവുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നു സമ്മതിച്ച ജോസ് കെ മാണി, ഇടതുനേതാക്കളുടെ പ്രസ്താവനകളില്‍ സന്തോഷം പ്രകടിപ്പിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. അതേസമയം, ജോസ് വിഭാഗം സ്വയം പുറത്തുപോവുകയായിരുന്നുവെന്ന് പിജെ ജോസഫ് പ്രതികരിച്ചു. അതിനിടെ, ജോസ് വിഭാഗം സംസ്ഥാനസമിതിയംഗം തങ്കച്ചന്‍ വാലുമ്മേല്‍ ജോസഫ് പക്ഷത്തേക്ക് ചേര്‍ന്നു.
Story Highlights: CPIM-Left leadership with temptations to Jose K Mani faction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here