ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസ് : 10 കോടി രൂപ കൈമാറിയതിന്റെ ബാങ്ക് രേഖകൾ ലഭിച്ചില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്

മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ. കൂടുതൽ രേഖകൾ വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വിജിലൻസ് രേഖകൾ എല്ലാം ലഭിച്ചില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് പറയുന്നു. 10 കോടി രൂപ കൈമാറിയതിന്റെ ബാങ്ക് രേഖകൾ ലഭിച്ചില്ലെന്നും രേഖകൾ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു. അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസ് ശേഖരിച്ച തെളിവുകൾ എല്ലാം വേണമെന്നും എൻഫോഴ്‌സ്‌മെന്റ് പറയുന്നു. ചോദ്യം ചെയ്യാൻ സാക്ഷികൾക്ക് നോട്ടിസ് നൽകിയെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചിട്ടുണ്ട്. രണ്ട് പേർക്കാണ് എൻഫോഴ്‌സ്‌മെന്റ് നോട്ടിസ് നൽകിയിരിക്കുന്നത്.
മാർച്ചിലാണ് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നത്. ചന്ദ്രിക ദിനപത്രത്തിൽ 10 കോടി രൂപ നിക്ഷേപിച്ച് കളളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. നോട്ട് നിരോധന കാലത്ത് പാലാരിവട്ടം പാലത്തിന്റെ നിർമാണം പൂർത്തിയായ ഘട്ടത്തിൽ ചന്ദ്രിക പത്രത്തിൽ പണം നിക്ഷേപിച്ചു എന്നാണ് എൻഫോഴ്‌സ്‌മെന്റ് കേസിനാസ്പദമായ പരാതി. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്കുകളുടെ അക്കൗണ്ട് വഴിയാണ് പണം നിക്ഷേപിച്ചത്.
Story Highlights- Ibrahim kunju case enforcement submits report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here