ചാരു കസേരയും മാംഗോസ്റ്റിൻ മരവും ഫ്ലാസ്കിലെ ചായയും; ബഷീറോർമ്മകൾ

വൈക്കം മുഹമ്മദ് ബഷീറിനെ അറിയുന്നത് അമ്മായി(അമ്മയുടെ സഹോദരി) യുടെ പത്താം ക്ലാസ് പുസ്തകത്തിലൂടെയാണ്. മലയാള പാഠപുസ്തകത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടെന്നും രണ്ടാം ഭാഗത്തിൽ നല്ല കഥയാണ് ഉള്ളതെന്നും അങ്ങനെ മനസ്സിലായി. പാത്തുമ്മയുടെ ആടാണ് അങ്ങനെ ആദ്യമായി അറിഞ്ഞത്. പാത്തുമ്മയും വീടും ആടും പിന്നെ ചില ജീവിതങ്ങളും പലതവണ വായിച്ചു. പത്താം ക്ലാസിലെത്തിയാൽ ഇത് പഠിക്കാമല്ലോ എന്ന സന്തോഷം വേറെ. ‘ഒറ്റാന്തടി മുച്ചാൺ വയറ്, മുള്ളണത് കണ്ടില്ലാ, മുള്ളണത് കണ്ടില്ലാ’ എന്ന ഡയലോഗുകളൊക്കെ അന്ന് മനസ്സിൽ തറച്ചതാണ്.
Read Also: മലയാള സാഹിത്യത്തിന്റെ സുൽത്താൻ; വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്
ഹൈ സ്കൂൾ പഠനം എൻ്റെ വായനാസംസ്കാരത്തെ രൂപപ്പെടുത്തിയെടുത്തു. സ്കൂൾ ലൈബ്രറിയിൽ ഞാൻ നിത്യസന്ദർശകനായി. രണ്ടാമതായി വായിച്ചത് പൂവൻപഴം ആയിരുന്നു. അബ്ദുൽ ഖാദർ ജമീലാ ബീവിയെ പെണ്ണു കാണാൻ പോകുന്ന സന്ദർഭമൊക്കെ ഇപ്പോഴും ഓർമിക്കുന്നു. പിന്നീട് ബഷീറിയൻ സാഹിത്യത്തിൽ മേഞ്ഞു നടന്നു. ബാല്യകാലസഖി, ശബ്ദങ്ങൾ, പ്രേമലേഖനം, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, മതിലുകൾ എന്നിങ്ങനെ ബഷീറിൻ്റെ എല്ലാ കൃതികളും വായിച്ചു. ആദ്യ വായനയിൽ രസമുള്ള കഥകളായിരുന്ന അവ, പിന്നീട് ഗൗരവമായ വായനയുടെ തലത്തിൽ പ്രതിഫലിപ്പിച്ച ജീവിത യാഥാർത്ഥ്യങ്ങളും സമരകാഹളങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ഭാർഗവീനിലയം തിരക്കഥ വായിച്ച്, വീണ്ടും വായിച്ച് ആ സിനിമ തപ്പിയെടുത്ത് കാണുകയും പിന്നീടൊരു ചലച്ചിത്രോത്സവത്തിൽ ഭാർഗവീനിലയം കളിക്കുന്ന തീയറ്ററിൽ കയറി പടം തിരശീലയിൽ കണ്ടതും ഓർമകളിൽ ഏറെ മൂല്യമുള്ളതായി ഞാൻ കാണുന്നു.
വിശ്വവിഖ്യാതമായ മൂക്കിൻ്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചപ്പോഴാണ് നമ്മൾ മലയാളികൾ എത്ര ഭാഗ്യവാന്മാരെന്ന് മനസ്സിലായത്. ബഷീർ കൃതികൾ പറയാൻ മലയാളത്തെക്കാൾ മികച്ച ഒരു ഭാഷയില്ല. ബഷീറിന്റെ വിപ്ലവ കാലത്തെ തൂലികാ നാമം അടിച്ചു മാറ്റി എന്റെ പ്രണയ ക്ലീഷേകൾക്ക് ഞാൻ പേരിട്ടിരുന്നു. അത് ബഷീറിനോട് ചെയ്യുന്ന ദ്രോഹമാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ നിർത്തി.
Read Also: വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു
അവസാനം വായിച്ച ബഷീർ കൃതി യാ ഇലാഹി ആണ്. നോവലുകളും ചെറുകഥകളുമൊക്കെ വായിച്ച് കഴിയുകയും ബഷീറിനെ വായിക്കാൻ കൊതിച്ച് പോവുകയും ചെയ്തതിൻ്റെ ഫലമായിരുന്നു യാ ഇലാഹി വായന. കഥകളെന്നും ലേഖനങ്ങളെന്നും വിളിക്കാവുന്ന ചിലത്, ഒരു കവിത. ഇത്രയുമാണ് യാ ഇലാഹിയിൽ ഉണ്ടായിരുന്നത്. അതിൽ ‘ദിവ്യമായ ഡങ്കുഡുങ്കു’ എന്ന ലേഖനം/കഥ മുന്നോട്ടുവെക്കുന്ന ദാർശനികബോധമൊക്കെ എന്നിലൊന്നും പൂർണമായിട്ടില്ല. ഗാന്ധിയെ തൊട്ട കഥയിൽ കാണുന്ന സ്വാതന്ത്രസമര സേനാനി പിന്നീട് ‘പ്രഭ’ എന്ന പേരിൽ വിപ്ലവമെഴുതിയത് കാലത്തിൻ്റെ ആവശ്യകതയായി. ഉപ്പുസത്യാഗ്രഹവും ജയിൽവാസവും നാടുവിടലുമൊക്കെയായി ഒരു മനുഷ്യായുസിൽ പറ്റാവുന്ന ഓർമകളൊക്കെ അദ്ദേഹം കൂട്ടിവച്ചു. പിന്നീട്, പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യിൽ തങ്കം എന്ന കഥ എഴുതിക്കൊണ്ട് അദ്ദേഹം ആ ഓർമ്മകളെ കൂടുതുറന്ന് വിട്ടു. സർവഗുണസമ്പന്നരായ നായകരെ അദ്ദേഹം മാറ്റിനിർത്തി. പകരം, ഭിക്ഷക്കാരും ജയിൽപുള്ളികളും വേശ്യകളും സ്വവർഗാനുരാഗികളും ബഷീറിൻ്റെ കഥകളിൽ ജീവിതം പറഞ്ഞു.
ആ ചാരു കസേരയും മാംഗോസ്റ്റിൻ മരവും ഫ്ലാസ്കിലെ ചായയും റെക്കോർഡ് പ്ലയറും ‘എടീ ഫാബിയേ’യും ഒരിക്കലും മറഞ്ഞു പോവാത്ത ചിത്രമാണ്. അതിനുമപ്പുറമാണ് വൈക്കം മുഹമ്മദ് ബഷീർ സാഹിത്യത്തിനു നൽകിയത്.
Story Highlights: Article about Vaikom Muhammad Basheer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here