916 മുഖ്യമന്ത്രി മുക്കുപണ്ടമായി മാറി: മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പി ആര്‍ ഏജന്‍സികളുടെ സഹായത്തോടെ 916 മുഖ്യമന്ത്രിയായി അവതരിപ്പിക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുക്കുപണ്ടമായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും ഷാഫി പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. പാഴ്സല്‍ തുറന്നു നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
സ്വര്‍ണ കള്ളക്കടത്തിന് എല്ലാ ഒത്താശയും കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ഷാഫി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ എന്തിനു വേണ്ടിയുള്ളവര്‍ ആയിരുന്നുവെന്ന് വെളിപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപാടുകള്‍ക്ക് ഇടനിലക്കാരായാണ് ഉപദേശികളെ സര്‍ക്കാര്‍ ചെലവില്‍ തീറ്റിപ്പോറ്റുന്നതെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാള്‍ എങ്ങനെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ ഓപ്പറേഷന്‍സ് മാനേജരായി നിയമിക്കപ്പെട്ടു. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കപ്പെട്ടു എന്ന ആരോപണം നേരിടുന്ന ഒരാളെ എങ്ങനെ സര്‍ക്കാര്‍ തലത്തില്‍ പ്രധാന തസ്തികയില്‍ നിയമിച്ചു എന്ന് വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
Story Highlights: gold smuggling, pinarayi vijayn, shafi parambhil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here