മുഖ്യമന്ത്രിയുടെ സാമ്പത്തിക സ്രോതസ് കള്ളക്കടത്തുകാരും ഹവാല ഇടപാടുകാരും; പി കെ ഫിറോസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക സ്രോതസ് കള്ളക്കടത്തുകാരും, ഹവാല ഇടപാടുകാരുമാണെന്ന് യൂത്ത് ലീഗ്. രണ്ട് ഇടതുപക്ഷ എംഎൽഎമാർക്ക് സ്വർണം പണമാക്കി മാറ്റുന്നതിൽ പങ്കുണ്ട്. സ്പീക്കർക്ക് മുഖ്യമന്ത്രിയുടെ നിർദേശം കിട്ടിയത് കൊണ്ടാണ് സന്ദീപിന്റെ കടയുടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തത്. ഹോം സെക്രട്ടറി സ്വപ്ന സുരേഷിന് നൽകിയ ക്ലിയറൻസ് സർട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോള്‍ ബക്കറ്റ് പിരിവിന് പകരം ഹവാല, സ്വർണ ഇടപാടുകളിലൂടെയാണ് പാർട്ടി വളർത്തുന്നതെന്നും പി കെ ഫിറോസ്.
മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തിൽ സ്വർണം എത്തിച്ച് വിവിധ ഇടപാടുകളിലൂടെ പണം ആക്കി മാറ്റുന്നതാണ് ചെയ്യുന്നതെന്നും പി കെ ഫിറോസ് ആരോപിച്ചു. സ്വപ്നയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ വലിയ ശമ്പളത്തിൽ നിയമിച്ചത് ഹോം സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടേയും അറിവോടെയാണെന്നും ഫിറോസ്.
പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഒരു യാത്ര നടത്തിയപ്പോൾ ഉപയോഗിച്ച മിനി കൂപ്പർ വാഹനം ആരുടേതായിരുന്നുവെന്ന് ഫിറോസ് ചോദിച്ചു. സ്വർണക്കടത്തുകാരന്റെ കാറിലായിരുന്നില്ലേ കോടിയേരിയുടെ യാത്രയെന്ന് ഫിറോസ് വിമര്‍ശിച്ചു. കോഴിക്കോട്ടെ എംഎൽഎയുടെ മരുമകൻ ഹവാല കേസിൽ സൗദി അറേബ്യയിൽ ജയിലിലാണ്. ഇതെല്ലാം വെച്ച് നോക്കുമ്പോൾ കാര്യങ്ങൾ നമുക്ക് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് അന്വേഷണം സ്വപ്നയിൽ മാത്രം ഒതുങ്ങരുതെന്നും ഈ ഇടപാടുകളെല്ലാം അന്വേഷിക്കണമന്നും ഫിറോസ് പറഞ്ഞു.
ഒരു സ്ത്രീ മുമ്പിലൂടെ വന്നാൽ കുഴപ്പമില്ല. പിറകിലൂടെ വന്നാൽ അഭേദ്യമായ ബന്ധമുണ്ടെന്ന് പറഞ്ഞ പിണറായി വിജയന്റെ ധാർമികത എവിടെപ്പോയെന്ന് സോളാർ കേസിനെ ബന്ധപ്പെടുത്തി ഫിറോസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജോലി സ്വർണവും ഹവാലയും ഇടപാടിലൂടെ എത്തിക്കുകയും പണമാക്കി പാർട്ടി ഫണ്ടിലേക്കു മറ്റും എത്തിക്കുകയുമാണെന്നും അതിനാണ് സ്വപ്നയെ പോലുള്ളവരെ പിൻവാതിലിലൂടെ നിയമിക്കുന്നതെന്നും പി കെ ഫിറോസിന്റെ ആരോപണം.
അതേസമയം തന്റെ രാജിയല്ല, താൻ തന്നെ ഈ സ്ഥാനത്തുണ്ടാകരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതിന് നെറികേടുകൾ കാണിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ടാൽ സംസ്ഥാനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വർണ കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ നല്ല രീതിയിലാണ് അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ സഹായം എന്തെങ്കിലും ആവശ്യപ്പെട്ടാൽ നൽകും. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന പ്രതിപക്ഷാവശ്യത്തോട് ഭാവനയിൽ കെട്ടിച്ചമച്ച ആക്ഷേപങ്ങളിലൂടെ പുറത്ത് ചാടിക്കാമെന്ന് കരുതേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. സർക്കാരിനെതിരെ എന്തെങ്കിലും പറയുന്നവർ അത് തുടരട്ടെ. എല്ലാം ജനം വിലയിരുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Story Highlights – p k firos, yputh league, gold smuggling, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here