പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടയുകയും ചെയ്തു.
പൂന്തുറയ്‌ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സർക്കാരും പൊലീസും നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സമീപപ്രദേശങ്ങളിൽ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം പൂന്തുറയുടെ പേരിൽ എഴുതി ചേർക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൂന്തുറ നിവാസികൾ സംഘടിച്ചെത്തിയത്.
കൊവിഡ് രൂക്ഷമായിട്ടുള്ള പൂന്തുറയിൽ സ്ഥിതി ആശങ്കാജനകമാണ്. പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. പൂന്തുറയിൽ സർക്കാർ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ്. ഡോർ റ്റു ഡോർ രീതിയിൽ മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം. നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി കമാൻഡോകളടക്കം 500 പൊലീസുകാരെ നിയോഗിച്ചു. മത്സ്യ ബന്ധന ബോട്ടുകൾ തമിഴ്‌നാട് പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചു.തിരുവനന്തപുരത്ത് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച92 പേരിൽ 77 പേരും പൂന്തുറയിലാണ്. കൊവിഡ് ബാധിതരിൽ ഒരു വയസുകാരി മുതൽ 70 കാരൻ വരെയുണ്ട്.
Story Highlights – lock down violation, poonthura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here