സമരങ്ങള്‍ക്ക് ആരും എതിരല്ല; പക്ഷേ സ്വന്തം ആരോഗ്യം പണയംവച്ചുകൊണ്ടാകരുത്: മുഖ്യമന്ത്രി

സമരങ്ങള്‍ക്ക് ആരും എതിരല്ലെന്നും പക്ഷേ കൊവിഡ് കാലത്ത് സ്വന്തം ആരോഗ്യനില പണയംവച്ചുകൊണ്ടാകരുത് സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഒരു മാധ്യമത്തില്‍ ഒരു ഡസന്‍ സ്ഥലത്തെ സമരങ്ങളുടെ ചിത്രം കണ്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനു നേരെ പാഞ്ഞടുക്കുകയും അലറിവിളിക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങളുമുണ്ട്. സമരമെന്നാണ് അതിനെ അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് സമരമല്ല, ഈ നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സമരം നടത്തുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ, അത് നാടിന്റെയും സമൂഹത്തിന്റെയും നിലനില്‍പ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സ്വന്തം സഹപ്രവര്‍ത്തകരെയും കുടുംബത്തെയും നിയമപാലകരെയും രോഗഭീഷണിയിലാക്കിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യനില പണയംവെച്ചു കൊണ്ടാകരുത്. സമരങ്ങള്‍ ഉദ്ഘാടനം ചെയ്യാനും മറ്റും വരുന്ന റിവേഴ്സ് ക്വാറന്റീനില്‍ കഴിയേണ്ട നേതാക്കളുടെ ജീവന് അപകടപ്പെടുത്തിക്കൊണ്ടാകരുത്. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മല്പിടുത്തം നടത്തുകയും ചെയ്യുന്ന സമരം നാടിനെ എത്ര വലിയ വിപത്തിലേക്കാണ് നയിക്കുക എന്ന് നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ എങ്കിലും അതിനു തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here