കെഎസ് ചിത്രയുടെ പാട്ടുപാടി സോഷ്യൽ മീഡിയയിൽ താരമായി രേണുക

കെഎസ് ചിത്രയുടെ പാട്ടുപാടി സോഷ്യൽ മീഡിയയിൽ താരമായി വയനാട് മാനന്തവാടി കോൺവെന്റ്കുന്ന് കോളനിയിലെ രേണുകയെ പരിചയപ്പെടാമിനി. ജില്ലയിലെ ഗോത്രമേഖലയിലെ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിനായുളള കെൽസയുടെ ഫേയ്സ്ബുക്ക് പേജിലാണ് രേണുകയുടെ പാട്ട് അപ് ലോഡ് ചെയ്തത്. ഗാനം വൈറലായതോടെ നിരവധി സിനിമകളിലേക്കുൾപ്പെടെ അവസരം ലഭിച്ചിരിക്കുകയാണ് ഈ പത്താംക്ലാസ്സുകാരിക്ക്.
കെൽസയുടെ പേജിൽ കഴിഞ്ഞ 2നാണ് രേണുകയുടെ ഗാനം പേജ് അഡ്മിൻ ജോർജ് കോര അപ്ലോഡ് ചെയ്യുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ ഗാനം സോഷ്യൽമീഡിയ ഏറ്റെടുത്തുന്നു.തൊട്ടുപിന്നാലെ രേണുകക്ക് അഭിനന്ദനപ്രവാഹം. സിനിമ പ്രവർത്തകർ, സംഗീതസംവിധായകർ തുടങ്ങി ജനപ്രതിനിധികൾ ഉൾപ്പെടെ ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒപ്പം ഒരായിരം സ്നേഹവും…
സമ്മാനങ്ങളും അഭിനന്ദനങ്ങളുമെല്ലാം ഏറ്റുവാങ്ങി രേണുക നേരെയെത്തുക ഈ വീട്ടിലേക്കാണ്. വീടെന്ന് വീളിക്കാനാകില്ല. ഷീറ്റ് കെട്ടിമറച്ച ഒരു കൂര. മഴപെയ്യുമ്പോഴൊക്കെ വലിയ ആശങ്കയാണ്. അപകടത്തിൽ പരിക്കേറ്റ് നടക്കാനാകാത്ത അച്ഛനും അമ്മയും അനുജത്തിയുമാണ് വീട്ടിലുളളത്. ഒരു വീടെന്നത് ഈ കലാകാരിയുടെയും കുടുംബത്തിന്റെയും എന്നത്തേയും സ്വപ്നമാണ്. ലൈഫ് പദ്ധതിയിൽ പേരുണ്ട്. ഉടനെ വീടാകുമെന്നാണ് പ്രതീക്ഷ.
രേണുകയുടെ തങ്കത്തോണി എന്ന ഗാനം നവമാധ്യമങ്ങളിൽ വൈറലായതോടെ സിനിമകളിലേക്കുൾപ്പെടെ ഈ പത്താംക്ലാസുകാരിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സംഗീതരംഗത്ത് തുടരുന്നതിനോടൊപ്പം പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രേണുകയുടെ ആഗ്രഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here