എഞ്ചിനീയറിംഗിൽ നിന്ന് ഫോട്ടോഗ്രാഫിയിലേക്ക്; വിശേഷങ്ങളുമായി വിഷ്ണു എസ് രാജൻ

വിഷ്ണു എസ് രാജൻ/ അമൃത പുളിക്കൽ
‘സൂഫിയും സുജാതയും’ സിനിമയിലെ ചിത്രങ്ങളെല്ലാം വളരെ വൈറലാണ്. നാറാണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമയിലെ അദിതി റാവു ഹൈദാരിയുടെയും ദേവ് മോഹന്റെയും ചിത്രങ്ങൾ അതിമനോഹരമായി പകർത്തിയത് ആരെന്നല്ലേ? ചിത്രത്തിലെ മികച്ച സ്റ്റില്ലുകൾക്ക് പിന്നിലുള്ളത് കൊല്ലം സ്വദേശിയായ വിഷ്ണു എസ് രാജനാണ്.
മലയാളത്തിലെ ആദ്യ ഒടിടി റിലീസായ ‘സൂഫിയും സുജാതയും’ പല കാര്യത്തിലും സമൂഹ മാധ്യമങ്ങളിൽ ആളുകളുടെ ശ്രദ്ധ നേടുന്നുണ്ട്. അതിലൊന്നാണ് സിനിമയിലെ മിഴിവൊത്ത ചിത്രങ്ങൾ.
ഈ ഫോട്ടോകൾക്ക് പിന്നിൽ പ്രവർത്തിച്ചത് വിഷ്ണു എസ് രാജൻ എന്ന പുതുമുഖമാണ്. എഞ്ചിനീയറിംഗ് ബിരുദാനന്തരബിരുദധാരിയായ വിഷ്ണു ഫോട്ടോഗ്രാഫിയോടുള്ള അടക്കാനാവാത്ത ഇഷ്ടം കാരണമാണ് ക്യാമറയെടുത്ത് ഇറങ്ങിത്തിരിച്ചത്.
വളരെ കുറച്ച് കാലം കൊണ്ടുതന്നെ മലയാള സിനിമാ മേഖലയിലെ മികച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളാകാൻ വിഷ്ണുവിന് കഴിഞ്ഞു. സൂഫിയും സുജാതയും സിനിമയിലെ പോസ്റ്ററുകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ വിഷ്ണുവിന്റെ കരവിരുതാണ്.
സൂഫിയും സുജാതയും സിനിമ കൂടാതെ അന്വേഷണം എന്ന ജയസൂര്യ ചിത്രത്തിന് വേണ്ടിയും ചീഫ് ഫോട്ടോഗ്രാഫറായി വിഷ്ണു പ്രവർത്തിച്ചു. കൂടാതെ ഇഷ്‌ക്, ലൂക്ക എന്നീ സിനിമകളിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായിരുന്നു.
എഞ്ചിനീയറിംഗ് പഠന സമയത്ത് തന്നെ ഫോട്ടോഗ്രാഫിയും വിഷ്ണു സമാന്തരമായി ചെയ്തിരുന്നു. സുഹൃത്തുക്കൾ വഴിയാണ് സിനിമയിലെ ഫോട്ടോഗ്രാഫി സാധ്യതകളെ കുറിച്ച് വിഷ്ണു അറിയുന്നതും ഈ ഫീൽഡിലേക്ക് തിരിയുന്നതും.
ഹാസിഫ് ഹക്കീമിന്റെ അസിസ്റ്റന്റ് ആയിട്ടായിരുന്നു ആദ്യം വർക്ക് ചെയ്തിരുന്നത്. നിർമാതാവായ വിജയ് ബാബുവാണ് സൂഫിയും സുജാതയും സിനിമയിലേക്ക് ക്ഷണിക്കുന്നത്.
സൂഫിയും സുജാതയും സിനിമ നല്ല എക്‌സിപീരിയൻസായിരുന്നുവെന്ന് വിഷ്ണു പറയുന്നു. ബോളിവുഡ് താരമായ അദിതി റാവു ഹൈദാരിയുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം വിഷ്ണു മറച്ചുവച്ചില്ല. അദിതിക്ക് ഫോട്ടോ എങ്ങനെ വേണമെന്നുള്ള കൃത്യമായ ധാരണയുണ്ട്. വളരെയധികം അനുഭവ പരിചയമുണ്ട് അദിതിക്ക്, അങ്ങനെയുള്ള ആർട്ടിസ്റ്റിന്റെ കൂടെ വർക്ക് ചെയ്യാൻ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിഷ്ണു.
ജയസൂര്യയുടെ കൂടെ നേരത്തെ അന്വേഷണം എന്ന സിനിമയിൽ ചീഫ് ഫോട്ടോഗ്രാഫറായി വിഷ്ണു പ്രവർത്തിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ കൂടെയുള്ള വിഷ്ണുവിന്റെ ആദ്യ ചിത്രമായിരുന്നു സൂഫിയും സുജാതയും.
സിനിമയിലെ ചിത്രങ്ങൾ കണ്ട് നിരവധി പേർ വിഷ്ണുവിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. സിനിമാ മേഖലയിലുള്ള സംവിധായകരും സഹപ്രവർത്തകരുമെല്ലാം വിളിച്ച് അഭിനന്ദിച്ചുവെന്ന് വിഷ്ണു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here