ഇ-സഞ്ജീവനി പദ്ധതി: വീട്ടിലിരുന്ന ഡോക്ടറെ കാണാം ഒറ്റ ക്ലിക്കിൽ; ചെയ്യേണ്ടതെന്ത് ? [24 Explainer]

ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച ഇ-സഞ്ജീവനി ടെലി മെഡിസിൻ പദ്ധതി വഴി ഓൺലൈനായി ചികിത്സ തേടിയവരുടെ എണ്ണത്തിൽ കേരളമാണ് ഒന്നാം സ്ഥാനത്ത്. 4432 പേരാണ് കേരളത്തിൽ ഈ പദ്ധതി വഴി ചികിത്സ തേടിയത്. രണ്ടാം സ്ഥാനത്ത് തമിഴ് നാടും മൂന്നാം സ്ഥാനത്ത് ആന്ധയുമാണ്.
പദ്ധതിക്ക് ഇത്രയേറെ ജനപ്രീതി ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പലർക്കുമറിയില്ല ഓൺലൈനായി ഡോക്ടറുടെ സേവനം തേടേണ്ടത് എങ്ങനെയെന്ന്. കൊവിഡ് കാലമായതിനാൽ ആശുപത്രിയിൽ പോകാൻ മടിക്കുന്ന സാഹചര്യത്തിൽ നാമെല്ലാവരും വിദഗ്‌ധോപദേശത്തിനും ചികിത്സയ്ക്കുമായി പ്രയോജനപ്പെടുത്തേണ്ട സേവനമാണ് സഞ്ജീവനി.
സേവനം ലഭ്യമാകുന്നതെവിടെ ?
https://esanjeevaniopd.in/kerala എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സേവനം ലഭ്യമാക്കാം.
എങ്ങനെ സേവനം ഉപയോഗപ്പെടുത്തണം ?
- ആദ്യം മേൽ പറഞ്ഞ ലിങ്കിൽ ക്ലിക്ക് ചെയ്യണം
- തുടർന്ന് വെബ്‌സൈറ്റിൽ കാണുന്ന പേഷ്യന്റ് രജിസ്‌ട്രേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യണം
- രോഗിയുടെ രജിസ്‌ട്രേഷൻ കോളത്തിനകത്ത് മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത ശേഷം സെന്റ് ഒടിപി ക്ലിക്ക് ചെയ്യണം
- മൊബൈലിൽ വരുന്ന ഒടിപി ടൈപ്പ് ചെയ്യണം
- ഇനി വരുന്ന പേഷ്യന്റ് രജിസ്‌ട്രേഷൻ കോളത്തിൽ പേരും വയസും മറ്റ് വിവരങ്ങളും നൽകിയ ശേഷം ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കൺ നമ്പർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം
- ഇത് കഴിഞ്ഞ് ലോഗിൻ ആകാൻ സമയമാകുമ്പോൾ മൊബൈലിൽ മെസേജ് വരും. അപ്പോൾ ലോഗിൻ ചെയ്യാം.
- മൊബൈലിൽ വരുന്ന പേഷ്യന്റ് ഐഡി, ടോക്കൺ നമ്പർ എന്നിവ ടൈപ്പ് ചെയ്യുമ്പോൾ ക്യൂവിലാകും.
- ഉടൻ തന്നെ ഡോക്ടർ വീഡിയോ കോൾ വഴി വിളിക്കും
- കൺസൾട്ടേഷൻ കഴിഞ്ഞ ശേഷം മരുന്നിന്റെ കുറുപ്പടി അവിടെ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാം.
Read Also : 22 രൂപക്ക് പമ്പിലെത്തുന്ന പെട്രോളിന്റെ വില്പന വില മൂന്നിരട്ടിയിൽ അധികമാവുന്നത് എങ്ങനെ?; [24 Explainer]
ചികിത്സ നൽകുന്നത് ആരെല്ലാം ?
വിദഗ്ധരായ ഡോക്ടർമാരാണ് ഇ-സഞ്ജീവനി വഴി ഓൺലൈൻ സേവനം നൽകുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സ്, മലബാർ ക്യാൻസർ സെന്റർ, ആർസിസി തിരുവനന്തപുരം, ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റിയട്ട് തിരുവനന്തപുരം തുടങ്ങിയ ആശുപത്രികളാണ് ടെലി മെഡിസിനായി സർക്കാരിനൊപ്പം കൈകോർക്കുകയാണ്. ദിവസവും 30 ഓളം ഡോക്ടർമാരാണ് വിവിധ ഷിഫ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്നത്.
രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് ഇ-സഞ്ജീവനി പദ്ധതി പ്രകാരമുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നത്. ഈ പദ്ധതി പ്രകാരം ഡോക്ടറെ കാണാൻ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ദിശ 1056 നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Story Highlights – how to consult doctor through e sanjeevani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here