ബാലഭാസ്‌ക്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് പ്രതിയെ കണ്ടുവെന്ന ആരോപണം പരിശോധിക്കണമെന്ന് അച്ഛൻ കെ സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌ക്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ കണ്ടുവെന്ന ആരോപണം പരിശോധിക്കണമെന്ന് അച്ഛൻ കെ സി ഉണ്ണി ട്വന്റിഫോറിനോട്. സ്വർണക്കടത്തിനെ കുറിച്ച് ബാലഭാസ്‌ക്കർ അറിഞ്ഞത് കൊണ്ടാകാം അപകടം സംഭവിച്ചത്. മകനെ മറയാക്കി വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയും സ്വർണം കടത്തിയിട്ടുണ്ടാകും. ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കെ സി ഉണ്ണി പറഞ്ഞു.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് കണ്ടുവെന്ന വെളിപ്പെടുത്തലുമായി കലാഭവൻ സോബി ജോർജ് രംഗത്തെത്തിയിരുന്നു. ദൃശ്യ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ കണ്ടാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി ജോർജ് പറഞ്ഞിരുന്നു. ബാലഭാസ്‌ക്കറിന്റെ വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ സോബി ജോർജ് അതുവഴി കടന്നുപോയിരുന്നു. മരണവുമായി ബന്ധപ്പെട്ട് സോബി ജോർജ് നടത്തിയ ചില വെളിപ്പെടുത്തലുകൾ കേസിൽ നിർണായകമായിരുന്നു.
Read Also : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; സിബിഐ ഏറ്റെടുക്കും
അതേസമയം, ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കും. കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും. മുൻപ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് തയാറാവുന്നത്. അന്വേഷണം സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറങ്ങും.
Story Highlights – Gold smuggling, Balabhaskar, K C Unni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here