Advertisement

തീരപ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും; മേഖല മൂന്നായി തരംതിരിച്ചു; മാർഗ നിർദേശങ്ങളും ആക്ഷൻ പ്ലാനും വിശദീകരിച്ച് മുഖ്യമന്ത്രി

July 17, 2020
2 minutes Read
trivandrum coastal area divided to three zones

തിരുവനന്തപുരത്തെ തീരദേശമേഖലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ തീരദേശ മേഖലയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി.

ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ നിയന്ത്രണം എളുപ്പമാക്കാൻ തീരദേശ മേഖലയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനത്തിനും രൂപം നൽകി. ഈ സംവിധാനത്തിന്റെ ചുമതലയുള്ള പ്രത്യേക ഓഫിസർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബലരാം കുമാർ ഉപാധ്യായയാണ്. ഇതിന് പ്രത്യേക കണ്ട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും, പൊലീസും, കോർപറേഷനും പഞ്ചായത്തും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എല്ലാ വിവരങ്ങളും കണ്ട്രോൾ റൂമിൽ ലഭ്യമാകും. ഇതിന് പുറമെ ഈ മൂന്ന് സോണുകളിലും രണ്ട് മുതിര്ന്ന ഐഎഎസ് ഓഫിസർമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയമിക്കും.

ആദ്യ സോൺ

അഞ്ച് തെങ്ങുമുതൽ പെരുമാതുറ വരെയാണ് ആദ്യ സോൺ. ഒന്നാം സോണിന്റെ ചുമതല ട്രാഫിക്ക് സൗത്ത് എസ്പി ബി കൃഷ്ണകുമാറിന് ആയിരിക്കും. ഐഎഎസ് ഉദ്യോഗസ്ഥരായ യുവി ജോസ്, ഹരി കിഷോർ എന്നിവരാണ് ഈ സോണിലെ ഇൻസിഡന്റ് കമാൻഡർമാർ.

രണ്ടാം സോൺ

പെരുമാതുറ മുതൽ വിഴിഞ്ഞം വരെയാണ് രണ്ടാമത്തെ സോൺ. വിജിലൻസ് എസ്പി എഇ ബൈജുവിനാണ് ഇവിടുത്തെ ചുമതല. എംജി രാജമാണിക്യം, ബാലകിരൺ എന്നീ ഐഎസ് ഉദ്യോഗസ്ഥരാണ് ഇവിടുത്തെ ഇൻസിഡന്റ് കമാൻഡർമാർ.

മൂന്നാം സോൺ

വിഴിഞ്ഞം മുതൽ ഊരമ്പ് വരെയാണ് മൂന്നാം സോൺ. ഈ മേഖലയിൽ പെടുന്ന കാഞ്ഞിരംകുളം പൊഴിയൂർ വരെയുള്ള മേഖലയുടെ നിയന്ത്രണം വഹിക്കുന്നത് പൊലീസ് ട്രെയ്‌നിംഗ് കോളജ് പ്രിൻസിപ്പൽ കെഎൽ ജോൺ കുട്ടിയാണ്. ഐഎഎസ് ഓഫിസർമാരായ വെങ്കിടേശപതിയും, ബിജു പ്രഭാകറുമാണ് ഈ സോണിലെ ഇൻസിഡന്റ് കമാൻഡർമാർ.

Read Also : പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനം : മുഖ്യമന്ത്രി

മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥുടെ സേവനവും മേഖലകളിൽ ഉറപ്പാക്കും. ജനമൈത്രി രീതി നടപ്പിലാക്കാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ വേറെയും സംഘത്തിൽ ഉണ്ടാകും. ഇൻസിഡന്റ് കമാൻഡർമാരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവനത്തിന് പുറമെ ആവശ്യമെങ്കിൽ ശ്രീവിദ്യ ഐഎഎസ്, ദിവ്യ അയ്യർ ഐഎഎസ് എന്നിവരുടേയും സേവനവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ കാര്യങ്ങളെല്ലാം ആരോഗ്യ വകുപ്പ് തന്നെയാണ് മേൽനോട്ടം വഹിക്കുക. സംഘത്തിൽ ഡോക്ടർമാരും ഉൾപ്പെടും.
തീരദേശത്ത് കടകൾ നിശ്ചിത സമയത്ത് തുറക്കും

നിത്യോപയോഗ സാധനങ്ങൾ, കടകളുടെ സേവനം

അരി ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവയുടെ വിതരണത്തിന് സിവിൽ സപ്ലൈസ് നടപടി സ്വീകരിക്കും. തീരദേശമേഖലയിലെ മത്സ്യബന്ധനത്തിന് കൽപ്പിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. പൂന്തുറയിലെ പാൽ സംസ്‌കരണ യൂണിറ്റ് പ്രവർത്തനം തുടരും. മറ്റ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരദേശ സഞ്ചാരം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെ ആറ് മണി മുതൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ 150 ൽ അധികം ആക്ടിവ് കൊവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. കഠിനംകുളം ചെറിയൻകീഴ് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡും കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പവിടിക്കോണം, ഞാണ്ടൂർ കോൺ, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നിവയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

Story Highlights trivandrum coastal area divided to three zones

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top