ബലിതർപ്പണം പൊതുസ്ഥലങ്ങളിൽ അനുവദിക്കില്ല; കർമങ്ങൾ നിർവഹിക്കുക ശാന്തിമാർ

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണം അനുവദിക്കില്ലെന്ന് എഡിഎം വിആർ വിനോദ് അറിയിച്ചു. ക്ഷേത്രങ്ങളിൽ പൊതുജനങ്ങൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ കർമ്മങ്ങൾ ബുക്ക് ചെയ്ത് നടത്താം. എന്നാൽ ഇവർ നേരിട്ടെത്താൻ പാടില്ല. പകരം ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെ ശാന്തിമാർ കർമ്മങ്ങൾ നടത്തും.
ക്ഷേത്രങ്ങളിലോ പരമ്പരാഗത ബലിയിടങ്ങളിലോ പൊതുജനങ്ങൾ വരാനോ കൂട്ടം കൂടാനോ പാടില്ലെന്ന് വിആർ വിനോദ് പറഞ്ഞു. പരമാവധി ആളുകൾ അവരവരുടെ ഭവനങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സംഘടനകൾ, വ്യക്തികൾ എന്നിവർ ബലിക്കടവുകളിലും ക്ഷേത്ര പരിസരങ്ങളിലും മറ്റിടങ്ങളിലും ബലിതർപ്പണം സംഘടിപ്പിക്കുന്നില്ലെന്ന് പോലീസും ഇൻസിഡന്റ് കമാന്റർമാരും ഉറപ്പുവരുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉച്ചഭാഷിണികൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകും.
ബലിതർപ്പണ ദിവസം പരമ്പരാഗത ബലിതർപ്പണ പ്രദേശങ്ങളിലും മറ്റിടങ്ങളിലും കർശന പൊലീസ് നിരീക്ഷണമുണ്ടാകും. അതാത് താലൂക്കുകളിലെ തഹസിൽദാർമാരുടെ നേതൃത്വത്തിൽ ബലിതർപ്പണത്തിനുള്ള തയാറെടുപ്പുകൾ ഏതെങ്കിലും പ്രദേശത്ത് നടക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എഡിഎം അറിയിച്ചു.
ഈ വർഷത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണം. ഇക്കാര്യം പൊതുജനങ്ങളെയും കർക്കിടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാൻ ജില്ലാ പോലീസ് മേധാവി മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാത്തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
Story Highlights – wont allow bali in public spaces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here