പോത്തീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ്; രോഗികൾ ആംബുലൻസിനായി റൂഫ് ടോപ്പിൽ കാത്തിരുന്നിട്ട് 24 മണിക്കൂർ

പോത്തീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ഇരുപത്തിനാല് മണിക്കൂറായി വ്യാപാര സ്ഥാപനത്തിന്റെ റൂഫ് ടോപ്പിൽ ആംബുലൻസിനായി കാത്തിരിക്കുകയാണ്.
ഇന്നലെ ഉച്ചയ്ക്കാണ് പോത്തീസിലെ രണ്ടു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുമെന്ന പ്രതീക്ഷയിൽ അടച്ചിട്ട വ്യാപാര സ്ഥാപനത്തിന്റെ റൂഫ് ടോപ്പിൽ ഇവർ തള്ളി നീക്കിയത് 24 മണിക്കൂറാണ്. ഇവിടെ പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ലെന്ന് രോഗികൾ പറയുന്നു. എന്നാൽ ഭക്ഷണവും വെള്ളവുമെല്ലാം മാനേജ്‌മെന്റ് എത്തിച്ചുവെന്ന് രോഗികൾ ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്ന് രാവിലെയും രോഗികൾ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. ഉടൻ എത്തുമെന്നാണ് അധികൃതർ അറിയിച്ചത്. കൊറോണ സെല്ലിൽ നിന്നും ഇവരെ കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഇതുവരെ ആംബുലൻസ് വന്നിട്ടില്ലെന്നും രോഗികൾ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : പോത്തീസിന്റേയും രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിന്റെയും ലൈസൻസ് റദ്ദു ചെയ്തു
തുടർച്ചയായി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിന്നാലെ ഇന്നലെ തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന പോത്തീസും രാമചന്ദ്രൻ ടെക്‌സ്റ്റൈൽസും അടയ്ക്കാൻ നഗരസഭ അധികൃതർ നോട്ടിസ് നൽകിയിരുന്നു. ഇതിന് പിന്നാലെ രണ്ട് സ്ഥാപനങ്ങളും പൂട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം രാമചന്ദ്രനിലെ 67 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോത്തീസിലെ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടുംവേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും സ്ഥാപനങ്ങൾ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് പോലും
ഞായറാഴ്ചകളിൽ പോത്തീസ് സൂപ്പർമാർക്കറ്റും രാമചന്ദ്രനും തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി (Updated 21-072020)
പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ഐരാണിമുട്ടത്തെ കൊവിഡ് കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്.
Story Highlights – pothys, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here