മായാനദി നിർമിച്ചത് ഫൈസൽ ഫരീദിന്റെ ബിനാമി പണമെന്ന് ഉപയോഗിച്ചെന്ന് ആരോപണം; വാർത്ത തള്ളി നിർമാതാവ് [ 24 Fact Check]

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. വാർത്തകൾക്ക് പുറമെ ചില വ്യാജ വാർത്തകളും സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒടിവിലായി പുറത്തുവന്നിരിക്കുന്നത് നിർമാതാവ് സന്തോഷ് ടി കുരുവിളയുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചരണമാണ്. വാർത്തയ്‌ക്കെതിരെ നിർമാതാവ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ടൊവിനോ കേന്ദ്രകഥാപാത്രത്തിലെത്തിയ മായാനദി എന്ന ചിത്രം നിർമിച്ചത് സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിന്റെ ബിനാമി പണം ഉപയോഗിച്ചാണെന്നാണ് പ്രചരണം. എന്നാൽ മായാനദി എന്ന സിനിമ പൂർണമായും തന്റെ അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള ഫേസബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സിനിമ നിർമിക്കാൻ ഒരു വ്യക്തിയുടേയും കയ്യിൽ നിന്ന് പണം കടമായോ നിക്ഷേപമായോ കൈപറ്റിയിട്ടില്ലെന്നും സന്തോഷ് വ്യക്തമാക്കുന്നു.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദ് മലയാളത്തിലെ നാല് സിനിമകൾക്കായി പണം ചെലവഴിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്നാണ് എൻഐഎയുടേയും കസ്റ്റംസിന്റേയും കണ്ടെത്തൽ.
ഇതിന് പിന്നാലെയാണ് സിനിമാ രംഗത്തെ പ്രമുഖരുടെ പേര് ഫൈസൽ ഫരീദുമായി കൂട്ടിച്ചേർത്തുകൊണ്ടുള്ള വ്യാജ വാർത്തകൾ പുറത്തുവന്ന് തുടങ്ങിയത്.
Story Highlights – fact check, mayanadhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here