തലസ്ഥാനത്ത് കൊവിഡ് ഭീതി ഒഴിയുന്നില്ല; ഇന്ന് 167 പേരിൽ 156 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

കൊവിഡ് വ്യാപന ഭീതിയൊഴിയാതെ തലസ്ഥാന ജില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച 167 പേരിൽ 156 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ രോഗവ്യാപനം കുറയുന്നില്ലെന്നും, ലാർജ് ക്ലസ്റ്ററുകളിൽ നിന്നും സമീപപ്രദേശത്തേക്ക് രോഗം വ്യാപിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സ്ഥിതി സങ്കീർണമായി തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ചവരിൽ അധികവും തീരമേഖലയിലുള്ളവരാണ്. ഒരു മരണവും ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. ചിറയിൻകീഴ് സ്വദേശി മുരുകനാണ് മരിച്ചത്. ജില്ലയിൽ പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിങ്ങനെ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് നിലവിലുളളത്. ഇവിടങ്ങളിൽ നിന്നും സമീപപ്രദേശത്തേക്ക് രോഗം വ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 724 പേര്‍ക്ക് രോഗം
തുടർച്ചയായി ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. തീരമേഖലയ്ക്ക് പുറമെ അതിർത്തിമേഖലയിലും, നഗരത്തിന്റെ വിവിധയിടങ്ങളിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും കൂടുതൽ ആശങ്ക പരത്തുകയാണ്. ഒരു മാധ്യമ പ്രവർത്തകനും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെ 6 പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മേയർ കെ. ശ്രീകുമാറുൾപ്പടെ നിരവധി പേർ നിരീക്ഷണത്തിൽ തുടരുകയാണ്. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാരിന്റെ തീരുമാനം.
Story Highlights – thiruvananthapuram covid update today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here