വീണ്ടും ആപ്പ് നിരോധനം; ഇന്ത്യ 47 ചൈനീസ് ആപ്പുകൾ നിരോധിച്ചു

ഇന്ത്യ വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിച്ചു. ജൂണിൽ 59 ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് ഈ ആപ്പുകളുടെ ക്ലോണായി പ്രവർത്തിച്ചിരുന്ന 47 ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചത്. നിരോധിച്ച ആപ്പുകളുടെ പട്ടിക അൽപ്പ സമയത്തിനകം കേന്ദ്ര മന്ത്രാലയം പുറത്തുവിടും.
നേരത്തെ 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയം ശുപാർശ നൽകിയിരുന്നു. പബ്ജി, സിലി അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടുന്നത്. ഈ ആപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നിരോധിക്കുമെന്നാണ് റിപ്പോർട്ട്.
സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.
Read Also : ഇന്ത്യയിൽ പബ്ജി അടക്കം 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കുന്നു
141 എംഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയിൽ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എൽബിഇ ടെക്ക്, പെർഫക്ട് കോർപ്, സിന കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവരുടെ ആപ്പുകളും നിരോധിക്കും.
ചൈനീസ് കമ്പനികൾക്ക് 300 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ജൂൺ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലെ നിരോധനം.
Story Highlights – india banned 47 Chinese apps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here