സ്വർണക്കടത്ത് : സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. അടുത്ത മാസം ഒന്ന് വരെ കസ്റ്റഡി തുടരും.
അതേസമയം, ഫൈസൽ ഫരീദിനും റബിൻസിനും എതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. പ്രതികളെ ഇന്ത്യയിൽ എത്തിക്കുന്നതിനായി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
അതിനിടെ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സാക്ഷിയായേക്കുമെന്ന് റിപ്പോർട്ടുണ്ട്. എം ശിവശങ്കർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അഡ്വ. രാജീവ് പറഞ്ഞു. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്നലെ ഒമ്പത് മണിക്കൂറാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ എൻഐഎ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികളെ വിശ്വസിച്ചത് തെറ്റായി പോയി എന്ന തരത്തിൽ ശിവശങ്കർ മൊഴി നൽകി. സ്വപ്‌നയും, സന്ദീപും സരിത്തും സുഹൃത്തുക്കൾ മാത്രമാണെന്നും സ്വർണക്കടത്തിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്‌നയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിൽ ജോലി നൽകിയത് യുഎഇ കോൺസുലേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞിട്ടാണെന്നും ശിവശങ്കർ മൊഴി നൽകിയതായാണ് സൂചന. ഇത്തരത്തിൽ ജോലി നൽകുന്നത് നിയമവിരുദ്ധമാണ്.
ഇക്കാര്യമെല്ലാം എൻഐഎ പരിശോധിക്കും. അദ്ദേഹത്തിന്റെ ടെലിഗ്രാം, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെല്ലാം പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
Story Highlights – swapna sandeep under customs custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here