ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും

ത്യാഗത്തിൻറെയും സമർപണത്തിന്റെയും സന്ദേശവുമായി ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും. ഉച്ചയോടെ തീർഥാടകർ മിനായിലേക്ക് നീങ്ങും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കർമങ്ങൾ പൂർത്തിയാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പുണ്യസ്ഥലങ്ങളിൽ ചെയ്തിട്ടുണ്ട്.
Read Also : കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും
തീർഥാടകരെല്ലാം മക്കയിലെത്തിയിട്ടുണ്ട്. മക്കയുടെ അതിർത്തി പ്രദേശമായ ഖർനുൽ മനാസിൽ എന്ന മീഖാത്തിൽ പോയി ഹജ്ജിനുള്ള ഇഹ്‌റാം ചെയ്തു തീർഥാടകർ ഉച്ചയോടെ മിനായിലേക്ക് പോകും. മിനായിൽ തമ്പുകൾക്ക് പകരം ബഹുനില മിനാ ടവറുകളിലാണ് തീർഥാടകർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരത്തോളം ആഭ്യന്തര തീർഥാടകർ മാത്രമാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ 70 ശതമാനവും സൗദിക്കകത്തുള്ള 160 രാജ്യങ്ങളിൽ നിന്നുള്ള വിദേശികളാണ്. എന്നാൽ ഈ ചുരുക്കം തീർത്ഥാടകരിൽ ഒരു മലയാളി ഉൾപ്പെട്ടു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൽ ഹസീബ് ആണ് ആ ഭാഗ്യവാൻ.
ഇന്ന് മിനായിൽ താമസിക്കുന്ന തീർഥാടകർ നാളെ അറഫയിലേക്ക് പോകും. നാളെ അറഫാ സംഗമവും മുസ്ദലിഫയിലെ താമസവും കഴിഞ്ഞ് മറ്റന്നാൾ മിനായിൽ തിരിച്ചെത്തും. ഞായറാഴ്ച വരെ ഹജ്ജ് കർമങ്ങൾ നീണ്ടു നിൽക്കും.
പൂർണമായും സൗദി ഗവൺമെന്റിന്റെ ചെലവിലാണ് തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നത്. 20 വീതം തീർഥാടകർ അടങ്ങിയ സംഘങ്ങളായാണ് കർമങ്ങൾ നിർവഹിക്കുക. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യങ്ങളെല്ലാം പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്.
Story Highlights – covid, hajj 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here