മഴ ശക്തമാകുന്നു; അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കണമെന്ന് പൊലീസുകാര്‍ക്ക് നിര്‍ദേശം

സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ആംഡ് പൊലീസ് ബറ്റാലിയനുകള്‍, കാലാവസ്ഥാമുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ പ്രോട്ടോകോള്‍ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ഏര്‍പ്പെടുകയെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്ന് ( ജൂലൈ 29) അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയര്‍ന്ന ജാഗ്രത മുന്നറിയിപ്പാണ് ‘റെഡ്’ അലേര്‍ട്ട്. ജില്ലയില്‍ പലയിടത്തും 24 മണിക്കൂറില്‍ 205 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ മുന്നറിയിപ്പുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ഇത്തരത്തില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വളരെ കൂടുതലായിരിക്കും. ആയതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും പൂര്‍ണ്ണ സജ്ജരാവുകയും മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുമാണ്. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി.
Story Highlights – rain alert kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here