ദിൽ ബേച്ചാര ആദ്യ ദിനം കണ്ടത് 95 മില്ല്യൺ ആളുകൾ; തീയറ്റർ റിലീസായിരുന്നെങ്കിൽ 2000 കോടി രൂപയുടെ ഓപ്പണിംഗ്

ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിൻ്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ആദ്യ ദിവസം മാത്രം കണ്ടത് 95 മില്ല്യൺ ആളുകൾ. തീയറ്റർ റിലീസായിരുന്നെങ്കിൽ 2000 കോടി രൂപയുടെ ഓപ്പണിംഗ് ആണ് ഇതെന്നാണ് റിപ്പോർട്ട്. ഈ മാസം 24ന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസായത്.
Read Also : ദില്‍ ബേച്ചാര; ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമ
ഇന്ത്യൻ തീയറ്ററുകളിലെ ശരാശരി ടിക്കറ്റ് നിരക്ക് 100 രൂപയായി കണക്കാക്കിയാൽ, 95 മില്ല്യൺ കാഴ്ചക്കാർ ആദ്യ ദിവസം സിനിമ കണ്ടാൽ 950 കോടി രൂപയുടെ ഓപ്പണിംഗ് ഉണ്ടാവും. അതേ സമയം, പിവിആർ സിനിമാസ് തീയറ്ററുകളിലെ ശരാശരി ടിക്കറ്റ് വിലയായ 207 രൂപ വെച്ച് കണക്കാക്കിയാൽ ഓപ്പണിംഗ് ഡേയിൽ 2000 കോടി കളക്ഷൻ ഉണ്ടാവും.
ജോൺ ഗ്രീനിന്റെ പ്രസിദ്ധമായ നോവൽ ‘ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസ്’ന്റെ ഹിന്ദി സിനിമാ പതിപ്പാണ് ദിൽ ബേച്ചാര. പുസ്തകത്തിന്റെ ഹോളിവുഡ് പതിപ്പിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷൈലിൻ വൂഡ്‌ലിയും അൻസൽ ഇഗോർട്ടുമായിരുന്നു. അഗസ്റ്റസും ഹേസൽ ഗ്രേസും ആണ് ഇംഗ്ലീഷിൽ കഥാപാത്രങ്ങളുടെ പേര്. ദിൽ ബേച്ചാരയിൽ സുശാന്ത് സിംഗും സഞ്ജന സംഗിയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. മാനി, കിസി എന്നീ കഥാപാത്രങ്ങളായാണ് ഇവർ വേഷമിട്ടത്.
Read Also : സുശാന്തിന്റെ അവസാന ചിത്രം ദിൽ ബേച്ചാര റിലീസായി
ഓസ്‌കർ ലഭിച്ച ഇന്ത്യൻ സംഗീതജ്ഞൻ എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതമൊരുക്കിയത്. ഫാൾട്ട് ഇൻ അവർ സ്റ്റാർസിന്റെ ഇന്ത്യൻ പതിപ്പിനെക്കുറിച്ച് കേട്ടപ്പോൾ തന്നെ, പ്രത്യേകിച്ചും കഥയിൽ എത്ര മനോഹരമായി സംഗീതം ചേർത്തിരിക്കുന്നുവെന്നത് മനസിലായപ്പോൾ തനിക്ക് ആകാംക്ഷയായെന്ന് അദ്ദേഹം പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.
ഹിന്ദി മീഡിയത്തിലും റോക്ക് സ്റ്റാറിലും അഭിനയിച്ച സഞ്ജനയെ പ്രേക്ഷകർ മറന്നുകാണാൻ ഇടയില്ല. ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്ക് സ്റ്റാറിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു മുകേഷ് ഛാബ്ര. സ്‌കൂളിലെ നാടക സംഘത്തിലാണ് മുകേഷ് സഞ്ജനയെ ശ്രദ്ധിച്ചത്. പത്ത് കൊല്ലത്തിന് ശേഷം ഇദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ സഞ്ജന നായികയായത് മറ്റൊരു ശ്രദ്ധേയമായ കാര്യം.
Story Highlights – Sushant Singh Rajput’s Dil Bechara gets 95 million views in 24 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here