റൺ കല്യാണി ജീവിതത്തിന്റെ പ്രതിഫലനം; ഗാർഗിക്ക് പറയാനുള്ളത്

ഇക്കഴിഞ്ഞ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമകളുടെ ആഥിപത്യമായിരുന്നു. മികച്ച നടനും നടിയും സിനിമയുമടക്കം മലയാളം വാരിക്കൂട്ടിയത് 4 പുരസ്കാരങ്ങൾ. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ മികച്ച ചിത്രം, ചിത്രത്തിലെ അക്ബർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിവിൻ പോളി മികച്ച നടൻ, മുല്ലയെ അവിസ്മരണീയമാക്കിയ സഞ്ജന ദിപു മികച്ച ബാലതാരം. ഇതോടൊപ്പം മികച്ച നടിക്കുള്ള പുരസ്കാരം നേടിയൊരാളും മലയാളിയായിരുന്നു. ആളുടെ പേര് ഗാർഗി അനന്തൻ. റൺ കല്യാണി എന്ന സിനിമയിലെ കല്യാണിയെ അവതരിപ്പിച്ചാണ് ഗാർഗി പുരസ്കാര നേട്ടത്തിലെത്തിയത്. മൂത്തോനിൽ മുങ്ങി ചർച്ച ചെയ്യപ്പെടാതെ പോയ റൺ കല്യാണിയെപ്പറ്റിയും തന്നെപ്പറ്റിയും ഗാർഗി പറയുന്നു.
റൺ കല്യാണിയിലേക്ക് എത്തിയത്
ഞാനൊരു തീയറ്റർ ആർട്ടിസ്റ്റാണ്. ഈട സിനിമയുടെ സംവിധായകൻ അജിത് കുമാറിൻ്റെ ഭാര്യ സുനിത പല സിനിമകളുടെയും പ്രൊഡക്ഷൻ ടീമിൽ ജോലി ചെയ്തിരുന്നു. റൺ കല്യാണിയുടെയും പ്രൊഡക്ഷൻ ടീമിൽ സുനിതേച്ചി ഉണ്ടായിരുന്നു. സുനിതേച്ചിയുടെ പ്രൊഫൈലിൽ നിന്നാണ് ഞാൻ റൺ കല്യാണിയുടെ ഒരു അറിയിപ്പ് കാണുന്നത്. അങ്ങനെ ചേച്ചിയുമായി സംസാരിച്ചു. തുടർന്ന് സുനിത ചേച്ചിയാണ് എന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നത്. അവർ ഒരു പെർഫോമൻസ് വീഡിയോ അയച്ചിരുന്നു. അത് സംവിധായിക ഗീതേച്ചിയെ (ഗീത ജെ) കാണിച്ചു. അത് ഗീതേച്ചിക്ക് ഇഷ്ടമായി. ആ സമയത്ത് ഞാൻ ഡ്രാമ സ്കൂളിൽ പഠിക്കുകയാണ്. പിന്നീട് സിനിമയിലെ ഒരു സീൻ വീഡിയോ അയക്കാൻ ആവശ്യപ്പെട്ടു. അതും അയച്ചു. എന്നിട്ട് ഞങ്ങൾ പരസ്പരം കണ്ടു. അവിടെ വെച്ച് സിനിമയുടെ കഥ എനിക്ക് പറഞ്ഞുതന്നു. അങ്ങനെയാണ് സിനിമ തുടങ്ങുന്നത്.
നാടകാഭിനയമാണോ സിനിമാഭിനയമാണോ കൂടുതൽ വെല്ലുവിളി?
രണ്ടിനും അതിൻ്റേതായ വെല്ലുവിളികൾ ഉണ്ട്. നാടകത്തിലാണെങ്കിൽ തുടർച്ചയായി രണ്ട് മണിക്കൂറോളം അഭിനയിക്കണം. സിനിമയിൽ പക്ഷേ, അത് വേണ്ട. റീടേക്കുകൾ എടുത്ത് സീനുകൾ പെർഫക്ട് ആക്കാം. എന്നാൽ, സിനിമയിൽ അഭിനയിക്കുമ്പോൾ നമുക്ക് ഒരു ലൈവ് ഓഡിയൻസില്ല. ക്യാമറയെ അഭിമുഖീകരിച്ചാണ് അഭിനയിക്കേണ്ടത്. അതൊരു ബുദ്ധിമുട്ടാണ്. ക്യാമറക്ക് വേണ്ടി അഭിനയിക്കുക, ഈ ഫ്രെയിമിനുള്ളിൽ മാത്രം അഭിനയിക്കുക എന്നതൊക്കെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, സിനിമയുടെ ക്രൂ ഒരുപാട് സഹായിച്ചു. പെട്ടെന്ന് തന്നെ സിനിമാഭിനയവുമായി ഇണങ്ങാൻ അവർ സഹായിച്ചു.
റൺ കല്യാണിയെപ്പറ്റി?
കല്യാണി എന്ന പെൺകുട്ടിയെപ്പറ്റിയാണ് സിനിമ. അറ്റ് കല്യാണിയുടെ ജീവിതത്തിലെ നാല് ദിവസങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. ഈ നാല് ദിവസങ്ങൾ കൊണ്ട് കല്യാണി പല ആളുകളുടെ ജീവിതത്തിലേക്കും കടന്നുചെല്ലുകയാണ്. കല്യാണി ഒരു കുക്കാണ്. വീടുകളിൽ പോയി ഭക്ഷണം ഉണ്ടാക്കുകയാണ് ജോലി. ആ വീടുകളിലുള്ള ആളുകളുടെ ജീവിതം സിനിമയിൽ കാണിക്കുന്നുണ്ട്. സംഭാഷണങ്ങൾ വളരെ കുറവാണ്. ദൃശ്യങ്ങളിലൂടെയുള്ള കമ്മ്യൂണിക്കേഷനാണ് സിനിമയിലുള്ളത്.
സിനിമയുടെ ഷൂട്ടും മറ്റും എപ്പോഴായിരുന്നു?
2018ലാണ് ഷൂട്ട് കഴിഞ്ഞത്. ഷൂട്ടിനിടക്കാണ് പ്രളയം വരുന്നത്. അങ്ങനെ ഷൂട്ട് ബ്രേക്കായി. പിന്നീട് പ്രളയത്തിനു ശേഷമാണ് ബാക്കി സിനിമ ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് ഡ്രാമ സ്കൂളിലെ എൻ്റെ പഠനം അവസാനിക്കാറായിരുന്നു.
സിനിമാ പ്രദർശനം എവിടെയൊക്കെയായിരുന്നു?
ആദ്യം ഐഎ ഫ് എഫ് കെയുടെ സമാന്തരമായി സൂര്യ കൃഷ്ണമൂർത്തിയുടെ ഗണേശത്തിലാണ് സിനിമ പ്രദർശിപ്പിച്ചത്. പിന്നീട് പല ചലച്ചിത്രോത്സവങ്ങളിലും സിനിമ പ്രദർശിപ്പിച്ചു. കൊൽക്കത്ത ചലച്ചിത്രോത്സവത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് കിട്ടി.
മധു നീലകണ്ഠനാണ് സിനിമയുടെ ക്യാമറ. അദ്ദേഹത്തെപ്പറ്റി?
അദ്ദേഹം ഇപ്പോൾ എൻ്റെ ഒരു ഗോഡ്ഫാദർ എന്നൊക്കെ പറയാവുന്ന ആളാണ്. എൻ്റെ പില്ലർ ഓഫ് സ്ട്രെങ്ത്. തീയറ്റർ ആർട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ ആദ്യമൊക്കെ ക്യാമറ എനിക്കൊരു ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ആ ക്യാമറയുടെ പിന്നിൽ മധുവേട്ടനുണ്ട് എന്നത് എനിക്ക് വലിയിരു ധൈര്യമായിരുന്നു. പിന്നെ എന്ത് പ്രശ്നം വന്നാലും ഗീതേച്ചിയും മധുവേട്ടനുമൊക്കെ ഉണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ ക്രിയേറ്റിവ് പ്രൊഡ്യൂസറുണ്ട്, ഇയാൻ. ഗീതേച്ചിയുടെ ഭർത്താവാണ്. ഇവരൊക്കെ നല്ല പിന്തുണ നൽകി.
മൂത്തോനും റൺ കല്യാണിക്കും ഒരേ ചലച്ചിത്രോത്സവത്തിൽ നിന്ന് പുരസ്കാരം ലഭിച്ചിട്ടും മൂത്തോനെ മാത്രം പരാമർശിച്ചാണ് കൂടുതൽ റിപ്പോർട്ടുകളും പുറത്തുവന്നത്. അതേപ്പറ്റി?
ശരിക്കും മൂത്തോൻ ജനങ്ങളിലേക്കെത്തിയ സിനിമയാണ്. ആളുകളൊക്കെ കണ്ട സിനിമയാണ് ഇത്. പക്ഷേ, റൺ കല്യാണി അധികം ആളുകളും കണ്ടിട്ടില്ല. ഫെസ്റ്റിവലുകളിൽ മാത്രമാണ് സിനിമ പ്രദർശിപ്പിച്ചത്. മാത്രമല്ല, സമാന്തര സിനിമകൾ കാണുന്ന പ്രേക്ഷകർ നമ്മുടെ നാട്ടിൽ വളരെ കുറവാണ്. പക്ഷേ, മുൻപുണ്ടായിരുന്നതിനെക്കാൾ സ്ഥിതി മാറിയിട്ടുണ്ട്. സമാന്തര സിനിമകളും ആളുകൾ കാണുന്നുണ്ട്. അതുകൊണ്ടാണ് ഐഎ ഫ് എഫ് കെയിലും മറ്റും ഒരുപാട് ആളുകൾ എത്തുന്നത്. എന്നാലും വാണിജ്യ സിനിമകളാണ് കൂടുതൽ ആളുകളും കാണുന്നത്. അതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ മറ്റൊരു കാര്യമുള്ളത്, നിവിൻ പോളിക്കും സഞ്ജന ദിപുവിനും മൂത്തോനിൽ അഭിനയിച്ചതിന് അവാർഡ് കിട്ടിയിട്ടും പല പോസ്റ്റുകളിലും നിവിൻ പോളിയെ മാത്രമാണ് മെൻഷൻ പറഞ്ഞിരിക്കുന്നത്. അതിലെനിക്ക് ചെറിയ വിഷമം തോന്നി.
സിനിമ തീയറ്റർ റിലീസാവാൻ സാധ്യതയുണ്ടോ?
അതേപ്പറ്റി കൃത്യമായി അറിയില്ല. പക്ഷേ, തീയറ്റർ റിലീസിനുള്ള സാധ്യത കുറവാണ്. പണം തന്നെയാണ് പ്രശ്നം. ഡിസ്ട്രിബ്യൂട്ടേഴ്സിൻ്റെ പ്രശ്നങ്ങൾ ഉണ്ടാവും. സിനിമയുടെ ഡയറക്ടർ ഗീതേച്ചി 10 വർഷമായി ഇങ്ങനെ ഒരു സിനിമ ചെയ്യാൻ നോക്കുകയാണ്. എന്നിട്ട് ഇപ്പോഴാണ് സിനിമ ചെയ്യുന്നത്. പണം തന്നെയാണ് പ്രശ്നം.
വാണിജ്യ സിനിമകളാണോ സമാന്തര സിനിമകളാണോ താത്പര്യം?
നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ചലഞ്ചിങ് ആയ കഥാപാത്രങ്ങൾ ചെയ്യണമെന്നേയുള്ളൂ. അല്ലാതെ ഇന്നത് ചെയ്യുമെന്നോ ചെയ്യില്ലെന്നോ ഇല്ല. ഒന്ന് നല്ലത് ഒന്ന് മോശം എന്ന അഭിപ്രായം ഇല്ല. ഓരോന്നും ചെയ്യുന്നതിൻ്റെ ജനുവിനിറ്റിയിലാണ് ഞാൻ വിശ്വസിക്കുന്നത്.
മറ്റ് ഓഫറുകൾ എന്തെങ്കിലും?
റൺ കല്യാണിക്ക് ശേഷം കെപി കുമാരൻ സർ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. കുമാരനാശാൻ്റെ ബയോപിക്കാണ് സിനിമ. പഠനത്തിനിടയിലായതു കൊണ്ട് തന്നെ ചില ഓഫറുകൾ വന്നെങ്കിലും അതൊന്നും ഫൈനലൈസ് ആയില്ല.
വീടും വീട്ടുകാരും?
വീട് തിരുവനന്തപുരത്താണ്. വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ. അച്ഛൻ വിദേശത്താണ്. അനിയൻ പ്ലസ് ടു കഴിഞ്ഞു.
പഠനം?
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലാണ് പഠിച്ചത്. 2018ൽ അത് കഴിഞ്ഞു. ഇപ്പോൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പെർഫോർമിംഗ് ആർട്സിൽ പിജി ചെയ്യുന്നു.
Story Highlights – garggi ananthan interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here