‘വയറ്റിൽ രണ്ട് നാണയങ്ങൾ’; ആലുവയിൽ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

ആലുവയിൽ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഒരു രൂപയ്ക്ക് പുറമേ 50 പൈസയായിരുന്നു കുഞ്ഞിന്റെ വയറ്റിൽ ഉണ്ടായിരുന്നത്.
നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവത്തിന്റെ പരിശോധനാഫലം വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. ഇതിനായി ആന്തരികാവയവങ്ങൾ കാക്കനാട് ലാബിലേക്ക് കൈമാറി. രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Read Also :ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം
ആലുവയിൽ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജ് ഇന്നലെ രാവിലെയാണ് മരിക്കുന്നത്. ശനിയാഴ് രാവിലെ പതിനൊന്ന് മണിയോടെ കുട്ടി നാണയം വിഴുങ്ങി. തുടർന്ന് കുട്ടിയുമായി മാതാപിതാക്കൾ ആലുവ സർക്കാർ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും പീഡിയാട്രീഷൻ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയച്ചു. തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. പഴവും ചോറും നൽകിയാൽ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നൽകാതെ പറഞ്ഞുവിട്ടു. തുടർന്ന് വീട്ടിലെത്തിയ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. ഞായറാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Story Highlights – Child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here