കഞ്ചിക്കോട്ട് മരിച്ചയാളുടെ മൃതദേഹം ഇതര സംസ്ഥാന തൊഴിലാളികൾ വിട്ടുനൽകി

പാലക്കാട് കഞ്ചിക്കോട്ട് പിടിച്ചുവച്ചിരുന്ന മൃതദേഹം ഇതര സംസ്ഥാന തൊഴിലാളികൾ വിട്ടുനൽകി. മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും മരണത്തിൽ ദുരൂഹത ആരോപിച്ചുമായിരുന്നു പ്രതിഷേധം. യാതൊരു സുരക്ഷാ മുൻകരുതലുകളും എടുക്കാതെയാണ് തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ടിരുന്നത്.
50 ലക്ഷം രൂപയാണ് ഒരോ കുടുംബത്തിനും നഷ്ടപരിഹാരമായി ഉന്നയിച്ചിരുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഗവൺമെന്റ് തലത്തിൽ ചർച്ച നടത്തുമെന്ന് അധികൃതർ പ്രതികരിച്ചു. ട്രെയിനിടിച്ച് മരിച്ചുവെന്നതിന്റെ യാതൊരു തെളിവുകളും മൃതദേഹത്തിലില്ലെന്നായിരുന്നു തൊഴിലാളികൾ ആരോപിച്ചിരുന്നത്. പൊലീസ് മേധാവികൾ ഇവരോട് സംസാരിച്ചതിനെ തുടർന്നാണ് മൃതദേഹം വിട്ടുനൽകിയത്. മറ്റ് മൃതദേഹങ്ങൾ ഇന്നലെ 11 മണിയോടെ തന്നെ മാറ്റിയിരുന്നു.
മൃതദേഹം ഐഐടിക്കുള്ളിലെ തൊഴിലാളി ക്യാമ്പിനുള്ളിലായിരുന്നു. മൃതദേഹം കൊണ്ടുപോകാനെത്തിയ അഗ്നിശമന സേനാംഗങ്ങളെ തൊഴിലാളികൾ ആക്രമിച്ചിരുന്നു. ആംബുലൻസും തകർത്തു. ആറ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.
പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ മൂന്ന് കരാർ തൊഴിലാളികളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.
ജാർഖണ്ഡ് പലാമു ജില്ലയിലെ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണ് മരിച്ചവർ. ഇന്നലെ രാത്രി 10.30യോട് കൂടിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ സംഭവ സ്ഥലത്തും രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും മരണപ്പെട്ടു.
Story Highlights – palakkad kanjikkode, migrant workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here