ഗർഭിണികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി

ആരോഗ്യ വകുപ്പ് ഗർഭിണികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി. ആശുപത്രികളിലെ പ്രസവ വാർഡുകൾ അടച്ചിടേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് നടപടിയെടുക്കുന്നത്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നതെങ്കിൽ ചികിത്സ കേന്ദ്രം ഒട്ടാകെ അടച്ചിടേണ്ട സാഹചര്യമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ഉണ്ടായത്.
Read Also : തിരുവനന്തപുരത്ത് കൊവിഡ് ബാധിതരായ ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡങ്ങൾ പുതുക്കി
സ്വകാര്യ ആശുപത്രികളിൽ നിന്ന് സർക്കാർ ആശുപത്രികളിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് വരുന്നവരെയും സ്വകാര്യ ആശുപത്രികൾ പ്രവേശിപ്പിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നതിന് ഇടയിലാണ് ഗർഭിണികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആർടിപിസിആർ, ട്രൂനാറ്റ്, ആന്റിജൻ എന്നീ ടെസ്റ്റുകളിൽ ഏതെങ്കിലും ഒന്ന് നടത്തണം. കൊവിഡ് സ്ഥിരീകരിച്ചാൽ രോഗിയെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും.
അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥർക്കും നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവം കൊവിഡ് വ്യാപനം രൂക്ഷമാക്കിയെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.
Story Highlights – covid test, pregnant woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here