കരിപ്പൂർ വിമാന ദുരന്തം; മാധ്യമപ്രവർത്തനത്തിൽ വിതുമ്പിപ്പോയ ആറര മണിക്കൂർ

രാത്രി എട്ടരയോടെയാണ് ആ വാർത്ത എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി നിരവധി പേർക്ക് പരുക്ക്. ലാൻഡിംഗിനിടെ വിമാനം തെന്നിമാറൽ മുൻപും പലപ്പോഴും കേട്ട വാർത്തയാണ്. തെന്നിമാറി കുഴപ്പമൊന്നുമില്ലാതെ നിൽക്കുന്ന ഒരു വിമാനവും നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യാത്രക്കാരുമായിരുന്നു മനസ്സിൽ. അതുകൊണ്ട് തന്നെ പ്രഥമ റിപ്പോർട്ടിനു ശേഷം മറ്റു ചില വാർത്തകൾ ചെയ്തു. അപ്പോഴേക്കും വാർത്തയുടെ സ്വഭാവം മാറി. രണ്ട് പേർ മരിച്ചു എന്നായി റിപ്പോർട്ട്. വിമാനം രണ്ടായി പിളർന്നു എന്നും റിപ്പോർട്ടുകൾ എത്തി. ക്രോസ് റോഡിൽ ഇടിക്കുകയും മുൻഭാഗം കൂപ്പുകുത്തുകയും മതിൽ തകരുകയും ചെയ്ത റിപ്പോർട്ടുകൾ കേട്ടപ്പോഴേക്കും വാർത്തയുടെ ഗൗരവം മനസ്സിലായി. പെട്ടിമുടിയിലെ മണ്ണിനടിയിൽ കിടക്കുന്ന മനുഷ്യരുടെ ദൃശ്യങ്ങൾ വിങ്ങലായി നിൽക്കുകയാണ്. അപ്പോഴാണ് അടുത്തത്.
എത്തുന്ന റിപ്പോർട്ടുകൾക്കനുസരിച്ച് വാർത്ത നൽകുമ്പോൾ പലപ്പോഴും കൈവിറച്ചു. അറിയാതെ വിതുമ്പിപ്പോകുന്നുണ്ടായിരുന്നു. പക്ഷേ, ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വസ്തുതകൾ ജനത്തെ അറിയിക്കേണ്ടത് എൻ്റെ കടമയാണെന്ന ബോധം എന്നിലുണ്ടായിരുന്നു. ദുരിതവാർത്തകൾക്കിടയിലും വായനക്കാർക്കും എനിക്കും വൈകാരികവും മാനസികവുമായ ട്രോമയെ മറികടക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഞാൻ കരുതി. പ്രത്യേകിച്ചും, കൊവിഡും മഴയും പെട്ടിമുടിയും നമ്മുടെയൊക്കെ മനോനിലയെ ഓരോ ദിവസവും അസ്വസ്ഥപ്പെടുത്തുമ്പോൾ പോസിറ്റീവായ വാർത്തകളും ഉണ്ടാവണമെന്ന വാശിയിലാണ് അപകടത്തിൽ രക്ഷിതാക്കളിൽ നിന്ന് വേർപെട്ട കുഞ്ഞുങ്ങൾ വിവിധയിടങ്ങളിൽ സുരക്ഷിതരാണെന്ന റിപ്പോർട്ട് കൊടുത്തത്. കുഞ്ഞുങ്ങളെ കരവലയത്തിലാക്കി സംരക്ഷിക്കുന്ന ആളുകളെ കണ്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. വീണ്ടും കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന രക്ഷിതാക്കളെയും രക്ഷിതാക്കളെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളെയും ഞങ്ങൾ വാർത്തകളിലൂടെ പുറത്തെത്തിച്ചു.
അപകടത്തിനു കാരണം പൈലറ്റിൻ്റെ അശ്രദ്ധയെന്നും മറ്റുമുള്ള ചില അഭ്യൂഹങ്ങൾ അസ്വസ്ഥതയുണ്ടാക്കി. അദ്ദേഹവും മരണപ്പെട്ടെന്നറിഞ്ഞപ്പോൾ കേൾക്കുന്നതു പോലെ ക്രൂശിക്കപ്പെടേണ്ടയാളാണോ ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ എന്നറിയാൻ ഒരു ആഗ്രഹം. അല്പമൊന്ന് പരതി. 22 വർഷം വ്യോമസേനയിലും 8 വർഷം ഡൊമസ്റ്റിക് ഫ്ലൈറ്റ് പൈലറ്റായും അനുഭവസമ്പത്തുള്ള അദ്ദേഹം എങ്ങനെയാണ് ആ അപകടത്തിൻ്റെ വ്യാപ്തി കുറച്ചതെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. വിമാനത്തിന് തീപിടിക്കാതിരിക്കാനുള്ള അദ്ദേഹത്തിൻ്റെ ജാഗ്രതയും യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച് സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയ അദ്ദേഹത്തിൻ്റെ സമർപ്പണവും ഞങ്ങൾ മനസ്സിലാക്കി. അതും റിപ്പോർട്ട് ചെയ്തു. ക്രൂശിക്കപ്പെടലുകളിൽ അദ്ദേഹത്തിൻ്റെ ആത്മാവിനോട് ഞങ്ങൾ മാപ്പിരന്നു.
അപകട സ്ഥലത്ത്, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ കണ്ടപ്പോൾ പാലക്കാട് ജില്ലയിൽ പടക്കം വിഴുങ്ങി കൊല്ലപ്പെട്ട ആനയുടെ പേരിൽ ദേശീയ മാധ്യമങ്ങൾ അടക്കം മലപ്പുറത്തെ ക്രൂശിച്ചത് മനസ്സിലേക്കോടിയെത്തി. മുൻപും മലപ്പുറം പലപ്പോഴായി ക്രൂശിക്കപ്പെട്ടിട്ടുണ്ടല്ലോ. എളുപ്പത്തില്‍ ബോംബ് കിട്ടുന്ന സ്ഥലം എന്ന് തുടങ്ങി മലപ്പുറമെന്ന് കേട്ടാൽ ശൂലമെടുത്ത് ഉറഞ്ഞു തുള്ളി വ്യാജവാർത്തകൾ പടച്ചുവിടാൻ ഉത്സാഹിക്കുന്നവർക്ക് മുന്നിൽ വെക്കാൻ ഒരു സ്റ്റേറ്റ്മെൻ്റ് അത്യാവശ്യമായിരുന്നു. കൊറോണയും പെരുംമഴയും കണ്ടെയിൻമെൻ്റ് സോണും വകവെക്കാതെ ഓടിയെത്തി ജീവനും കയ്യിലെടുത്ത് ആശുപത്രികളിലേക്ക് ഓടുകയും, ബ്ലഡ് ബാങ്കിൽ അർദ്ധരാത്രി രക്തം നൽകാൻ ക്യൂ നിൽക്കുകയും, ആരുടെയൊക്കെയോ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് രക്ഷിതാക്കളെ കണ്ടെത്തി സുരക്ഷിതമായി ഏല്പിക്കുകയും ചെയ്ത ആ മനുഷ്യരെപ്പറ്റി പറയണം എന്ന് തോന്നി.
Read Also : മഴയും കൊവിഡും വകവെക്കാതെ ഓടിയെത്തിയ മലപ്പുറം; അപകടത്തിന്റെ തീവ്രത കുറച്ചത് മാനവികതയുടെ കരുതൽ
പിന്നീടാണ് അയിഷ ദുവ എന്ന കുഞ്ഞിനെ കാത്ത് മാതാപിതാക്കൾ നിൽക്കുന്ന എന്ന് റിപ്പോർട്ട് വന്നത്. ആ വാർത്തയും ടൈപ്പ് ചെയ്ത് കൊടുത്തു. പിന്നാലെ ഐഷ ദുവ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തി എന്ന സന്തോഷ വാർത്ത. മനസ്സു നിറഞ്ഞ് ആ വാർത്തയും കൊടുത്തു. മുൻപ് കൊടുത്ത വാർത്തകളുടെ ക്ലൈമാക്സ് ആ കുഞ്ഞുങ്ങൾ രക്ഷിതാക്കളുടെ തോളിലേക്ക് ചേരുന്ന ചിത്രങ്ങളായിരുന്നു. അങ്ങനെ ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ച് മറ്റുചില വാർത്തകൾ കൂടി നൽകി ഓഫീസിൽ നിന്ന് ഇറങ്ങി. രാവിലെ എഴുന്നേറ്റ് ഫോൺ നോക്കുമ്പോൾ കണ്ടത് ഐഷ ദുവ മരിച്ചു എന്ന വാർത്തയായിരുന്നു. നിസ്സഹായതയോടെ ആ വാർത്തയിലേക്ക് മിഴിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. വേദന പോലും അറിയാൻ കഴിയാതെ പോകുന്നു.
ലോകമഹായുദ്ധങ്ങളോ മഹാമാരിയോ ഒന്നും കണ്ടിട്ടില്ലാത്ത ജനതയെന്ന് നമ്മെപ്പറ്റി പറയാറുണ്ടായിരുന്നു. പക്ഷേ, 2020 ആ പതിവ് തെറ്റിച്ചു. ചുറ്റും സംഭവിക്കുന്ന ദുരന്തങ്ങളും ദുരിതങ്ങളും കണ്ടില്ലെന്ന് നടിക്കാനൊന്നും നമുക്കാവില്ല. പക്ഷേ, നാളെയെപ്പറ്റി ശുഭാപ്തിവിശ്വാസം ഉണ്ടാവുകയും കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയുമാണ് ഇനി ചെയ്യാനുള്ളത്.
Story Highlights – karipur air india crash journalist writes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here