‘ഇന്ത്യയെ വിൽക്കാൻ വെച്ചതല്ല’; ഹിറ്റ്ലറിനോടുള്ള ധ്യാൻ ചന്ദിന്റെ മറുപടി ഓർമിച്ച് മുൻ ഹോക്കി പരിശീലകൻ

ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ ഇതിഹാസമായിരുന്നു ധ്യാൻ ചന്ദ്. ലോകം കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിൽ പെട്ട ചന്ദ് ആറു തവണ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് സ്വർണ മെഡൽ നേടിക്കൊടുത്തു. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലഘട്ടമെന്നാണ് ആ കാലം അറിയപ്പെടുന്നത്. 1928 മുതൽ 1956 വരെയുള്ള കരിയറിനിടെ സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലറെപ്പോലും ചന്ദ് തൻ്റെ കളിമികവ് കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
1963ലെ ബർലിൻ ഒളിമ്പിക്സാണ് വേദി. ഫൈനലിൽ ആതിഥേയരായ ജർമനിയാണ് ഇന്ത്യയുടെ എതിരാളികൾ. അക്കാലത്ത് ജർമനിയെ ഭരിച്ചിരുന്ന നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറും കളി വീക്ഷിക്കാൻ ഗാലറിയിൽ ഉണ്ടായിരുന്നു. ഹിറ്റ്‌ലറെയും 40,000 വരുന്ന ജര്‍മന്‍ ആരാധകരെയും സ്തബ്ധരാക്കി അന്ന് ഇന്ത്യ ജർമനിയെ തകർത്തത് ഒന്നിനെതിരെ എട്ടു ഗോളുകൾക്ക്. അതിൽ ആറും ധ്യാൻ ചന്ദ് ആയിരുന്നു നേടിയത്. മത്സരത്തിനു ശേഷം സവിശേഷകരമായ ഒരു രംഗത്തിനാണ് സ്റ്റേഡിയം വേദിയായത്. ആ സംഭവങ്ങളാണ് മുന്‍ ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ സയ്യിദ് സിബ്‌റ്റെയ്ന്‍ അലി നഖ്‌വി വിവരിക്കുന്നത്.
ധ്യാൻ ചന്ദ് അത് നിരസിച്ചാൽ ഹിറ്റ്‌ലർ അദ്ദേഹത്തെ വെടിവെക്കുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു.
മത്സരത്തിൽ ധ്യാൻ ചന്ദിൻ്റെ അസാമാന്യ പ്രകടനത്തിൽ ആകൃഷ്ടനായി അദ്ദേഹത്തെ ഹിറ്റ്‌ലർ സല്യൂട്ട് ചെയ്യുകയും തൻ്റെ സൈന്യത്തിൽ ചേരാൻ ക്ഷണിക്കുകയും ചെയ്തു. “സമ്മാനദാനത്തിൻ്റെ സമയത്തായിരുന്നു അത്. കുറച്ച് നിമിഷത്തേക്ക് ദാദ നിശബ്ദത പാലിച്ചു. ആളുകൾ തിങ്ങിനിറഞ്ഞ ആ സ്റ്റേഡിയവും നിശബ്ദമായിരുന്നു. ധ്യാൻ ചന്ദ് അത് നിരസിച്ചാൽ ഹിറ്റ്‌ലർ അദ്ദേഹത്തെ വെടിവെക്കുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു. പക്ഷേ, കണ്ണടച്ച് ഉറച്ച ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു, ‘ഇന്ത്യ വില്പനക്കുള്ളതല്ല’. അത് സ്റ്റേഡിയത്തിന് ആശ്ചര്യമായിരുന്നു. ഹസ്തദാനം ചെയ്യുന്നതിനു പകരം ഹിറ്റ്‌ലർ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. സ്വന്തം രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ ജർമനി സല്യൂട്ട് ചെയ്യുന്നു എന്ന് ഹിറ്റ്‌ലർ പറഞ്ഞു. ഹിറ്റ്‌ലറാണ് അദ്ദേഹത്തെ ഹോക്കി മാന്ത്രികൻ എന്ന് വിളിച്ചത്”- നഖ്‌വി പറയുന്നു.
Story Highlights – India is not for sale Dhyan Chand’s response to Adolf Hitler
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here