സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി; രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിര്‍ത്തും

സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിര്‍ത്തും. രാഹുല്‍ ഗാന്ധിയുമായും സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു. വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാജസ്ഥാനന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് ശമനമായത്.
വിമത സ്വരമുയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തായി ഒരു മാസം തികയുമ്പോഴാണ് സച്ചിന്‍ പൈലറ്റ് വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നത്. സച്ചിന്റെ പരാതികളും പാര്‍ട്ടി കേള്‍ക്കും. പരാതികള്‍ ചര്‍ച്ചചെയ്യാന്‍ മൂന്ന് അംഗ കമ്മിറ്റിയെ നിയോഗിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. പാര്‍ട്ടി താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
ഡല്‍ഹിയില്‍ വച്ച് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്. സര്‍ക്കാറിനെ താഴെയിറക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ ഇല്ലാത്തതും അയോഗ്യത ഭയവുമാണ് കോണ്‍ഗ്രസിലേക്ക് മടക്കം എന്ന വിമത എംഎല്‍എമാരുടെ നീക്കത്തിന് പിന്നില്‍. ഇതിനിടെ സച്ചിന്‍ പൈലറ്റ് ക്യാമ്പിലെ എംഎല്‍എ ബവാര്‍ ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്ച നടത്തി. ഗെഹ്ലോട്ടാണ് ഞങ്ങളുടെ നേതാവെന്നും, ആരും തടവിലല്ല എന്നും ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തിയ പൈലറ്റ് ക്യാമ്പിലെ എംഎല്‍എ ബവാര്‍ ലാല്‍ ശര്‍മ്മ പ്രതികരിച്ചു. വിമത എംഎല്‍എമാര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി വൈകാതെ കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
Story Highlights – sachin pilot returns to Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here