രാമക്ഷേത്ര ശിലാസ്ഥാപനത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയിരിക്കുന്ന സന്യാസിമാര്‍ എന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം [24 Fact check]

-/ മെര്‍ലിന്‍ മത്തായി
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നതിനു പിന്നാലെ നിരവധി വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാകുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സന്യാസിമാര്‍ കൂട്ടംകൂടിയിരിക്കുന്നു എന്ന മട്ടിലാണ് പ്രചാരണം. ശിലാന്യാസ ചടങ്ങിനിടെയുള്ളത് എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്.
സെക്കുലര്‍ തിങ്കേഴ്‌സ്, റൈറ്റ് തിങ്കേഴ്‌സ് എന്നീ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വ്യാജ പ്രചാരണം. കൊവിഡിനിടയിലും സാമൂഹിക അകലം പാലിക്കാതെ, മാസ്‌ക് ധരിക്കാതെ അയോധ്യയില്‍ ശിലാസ്ഥാപനത്തിന് സന്യാസിമാര്‍ എത്തിയിരിക്കുന്നു എന്നാണ് വിശദീകരണം. നിരവധിയാളുകള്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.
തെരഞ്ഞെടുക്കപ്പെട്ട 175 പേരാണ് കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ നിരവധി ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രശസ്ത ജര്‍മന്‍ ട്രാവല്‍ ഫോട്ടോഗ്രാഫറായ ഥോഗ് ബ്യാഗര്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
2013 ലെ അലഹബാദ് കുംഭമേളയില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബ്യാഗറിന് ക്രോസ് ബോര്‍ഡര്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ സന്യാസിമാരുടെ മറ്റ് ചിത്രങ്ങളും കാണാം.
കുംഭമേളയില്‍ പങ്കെടുത്ത നാഗ വിഭാഗത്തിലെ സന്യാസിമാരാണ് ഇവര്‍. ഏകാന്തവാസം നടത്തുന്ന ഈ സന്യാസിമാര്‍ കുംഭമേളയുടെ ചടങ്ങുകളില്‍ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ എന്നതും പ്രത്യേകതയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ചിത്രമാണ് കഴിഞ്ഞ ദിവസം അയോധ്യയില്‍ നടന്ന ചടങ്ങിലേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
Story Highlights – Kumbh Mela Image falsely circulated fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here