ജീവിതത്തിന്റെ നിറങ്ങള്‍

..
– ആദര്‍ശ് പി സതീഷ്/കഥ
പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
എന്തൊക്കെ മുന്‍കരുതലുകള്‍ വേണം?
എന്തു പറയണം?
എങ്ങനെ പറയണം? അതോ കാണണോ?
ഈ വിധ ചിന്തകളാല്‍ അയാളുടെ മനസ്സ് അസ്വസ്ഥമായി. ഒടുവില്‍ ചെന്നു കാണണം എന്നു തന്നെ ഉറപ്പിച്ചു. എന്തായാലും അവള്‍ തന്റെ സഹപ്രവര്‍ത്തകയായിരുന്നില്ലേ ? സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ള ഒരു സ്ത്രീയായിരുന്നില്ലേ? തന്നെക്കാള്‍ ശമ്പളം വാങ്ങുന്ന തന്റെ മേലുദ്യോഗസ്ഥയല്ലേ. അതിനെല്ലാത്തിനുമുപരി പണ്ടെങ്ങോ താന്‍ സ്‌നേഹിച്ച ,ഉള്ളില്‍ അവര്‍ പോലുമറിയാതെ……..
ഏറെനാള്‍, വിവാഹം കഴിയുന്നതുവരെ താന്‍ സ്‌നേഹിച്ച അവരെ ഇങ്ങനെ ജീവിതത്തിന്റെ അവസാന രംഗത്തില്‍ എത്തിനില്‍ക്കുമ്പോള്‍ താന്‍ കാണണ്ടേ ? അയാള്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
മകള്‍ സ്‌കൂളില്‍ നിന്നും വന്നിട്ടില്ല. ഭാര്യ ജോലിസ്ഥലത്തുനിന്നും.
ഒരു മാസ്‌ക് എടുക്കണോ?
ഒടുവില്‍ വേണ്ടെന്നു തന്നെ തീരുമാനിച്ചു.
വീട് പൂട്ടി പുറത്തിറങ്ങി.
താക്കോല്‍ അപ്പുറത്തെ രാധാമണി അമ്മാളുടെ കൈയ്യില്‍ ഏല്‍പ്പിച്ച് അയാള്‍ പുറപ്പെട്ടു.
നിരത്തില്‍ നിന്നും നെയ്യപ്പത്തിന്റേയും ഉണ്ണിയപ്പത്തിന്റെയും ഗന്ധം അയാളുടെ നാസികയിലേക്കിരച്ചുകയറി. പലഹാരക്കടകള്‍ക്കും വളക്കടകള്‍ക്കും ഇടയിലൂടെ ബൈക്ക് കടന്നു പോയി. ഒരു ചായക്കായി അയാളുടെ തൊണ്ടവറ്റി. എങ്കിലും അയാള്‍ നിര്‍ത്താതെ മുന്നേറി .
വണ്ടി പതിയെ നഗരത്തിലെ രൂക്ഷമായ പൊടിമണങ്ങളിലേക്ക് എത്തിപ്പെട്ടു.
ഏതായിരുന്നു ആ വീട്?
അയാളത് മറന്നു. എന്നാലും അത് ഓര്‍ത്തെടുക്കാന്‍ അയാള്‍ ശ്രമിച്ചു.
പണ്ടെങ്ങോ അവരുടെയും ഭര്‍ത്താവ് സാഗര്‍ ബിന്ദ്രയുടെ വിവാഹ വാര്‍ഷികത്തിന് പോയതായിരുന്നു. മുഴുക്കുടിയന്മാര്‍ക്കിടയില്‍ അന്ന് വീര്‍പ്പുമുട്ടി ആ വീട്ടില്‍ നിന്ന് ഇറങ്ങിയതും വിവിധ വര്‍ണ്ണങ്ങളിലുള്ള ലൈറ്റുകള്‍ തന്നെ തലചുറ്റിച്ചതും അയാളോര്‍ത്തു .ഒടുവില്‍ ആ വീടും അയാള്‍ ഓര്‍ത്തെടുത്തു.
തുടക്കത്തില്‍ വീടുകണ്ട് സംശയിച്ചു. പഴയ ആഡംബരത്തിന്റെ എല്ലും തോലും മാത്രമായിരുന്നു ആ മാളിക. ബൈക്ക് മറുവശത്തെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിട്ട് അയാള്‍ വിറച്ചു വിറച്ചു വീടിനടുത്തെത്തി. കോളിംഗ് ബെല്‍ അമര്‍ത്തിയതിനുശേഷം താന്‍ എന്തോ അപരാധം ചെയ്ത പോലെ അയാളുടെ മുഖം മാറ്റപ്പെട്ടു. താന്‍ അവിവേകം പ്രവര്‍ത്തിച്ചു എന്നയാള്‍ക്ക് തോന്നി.
വീടിനുള്ളില്‍ ഞരക്കം കേട്ടു. വാതില്‍ തുറക്കപ്പെട്ടു.
ഒരു നിമിഷം അയാള്‍ വിറച്ചു. ഏതോ അപരിചിതമായ വന്യജീവിയെ കാണുന്നത് പോലെ അയാള്‍ അവരെ നോക്കി .
‘ഓ വെല്‍ക്കം മിസ്റ്റര്‍ സുദേവ് ‘
അവര്‍ സ്വാഗതം ചെയ്തു. വായ മൂടിയിരിക്കുന്ന മാസ്‌കിലൂടെ തപ്പിത്തടഞ്ഞ് അവരുടെ ശബ്ദം പുറത്തുവന്നു.
അയാളുടെ മുഖത്ത് വികൃതമായ ഒരു ഭാവം വന്നെത്തി. അത് പരിഹരിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ വികൃതമായി.
ഇതായിരുന്നോ താന്‍ ഇഷ്ടപ്പെട്ടിരുന്ന വീണ എന്ന വീണ കുമാരി. കണ്ണുകളില്‍ വസന്തം വിടര്‍ന്നു നിന്ന വീണ. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും ആരോരുമറിയാതെ താന്‍ ഉള്ളില്‍ സ്റ്റേഹിച്ച വീണ. അയാള്‍ അജ്ഞാതയിലേക്ക് നോക്കി പഴിച്ചു.
‘വരൂ അകത്തിരിക്കാം’
അവര്‍ ക്ഷണിച്ചു .
ഒരു യന്ത്രത്തെപ്പോലെ അയാള്‍ അകത്തേക്ക് കയറി. ഒരു മോര്‍ച്ചറിയില്‍ കയറിയ അനുഭവമാണ് അയാള്‍ക്ക് ആ വീടിനുള്ളില്‍ അനുഭവപ്പെട്ടത്. അയാള്‍ അവര്‍ക്ക് അഭിമുഖമായി ഒരു സോഫയില്‍ ഇരുന്നു .
‘എന്താ ആകെ നെര്‍വസായോ? ‘
അവര്‍ ചോദിച്ചു. അയാള്‍ അര്‍ത്ഥമില്ലാതെ തലയാട്ടി.
‘എന്നെ ഈ അസുഖം വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ആരും തിരക്കി വന്നില്ല, ആരും.
പക്ഷേ സുദേവ്, അയാം റിയലി സര്‍പ്രൈയ്‌സ്ഡ് ‘
അയാള്‍ ഒരു വിഷാദച്ചിരി ചിരിച്ചു. എങ്ങനെ പെരുമാറണമെന്ന് അയാള്‍ക്കൊരു നിശ്ചയവുമില്ല. ഇതിനു മുന്‍പ് ഒരിക്കലും ഇത്തരം രോഗം ഉള്ള ഒരാളെ അയാള്‍ കണ്ടിരുന്നില്ല.
‘എന്നാലും ഇതെങ്ങനെ സംഭവിച്ചു ‘
അയാളില്‍ ജിജ്ഞാസയുയര്‍ന്നു.
‘ ബിന്ദ്ര അയാള്‍ തന്നതാണ് .ദാറ്റ് റാസ്‌കല്‍’
കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന തന്റെ ഭര്‍ത്താവിനെപ്പറ്റി അവര്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. ബിന്ദ്രയെപ്പറ്റി സുദേവുമെന്തൊക്കെയോ കേട്ടിട്ടുണ്ട്. അയാളൊന്നും കാര്യമായി എടുത്തിട്ടില്ല. പക്ഷേ ഇപ്പോള്‍,
‘എന്നാലും മാഡം ഓഫീസില്‍ ജോയിന്‍ ചെയ്യണം ‘
അയാള്‍ പറഞ്ഞു.
‘എനിക്കതിനാവില്ല. ഞാന്‍ റിലീവ് ചെയ്തു കഴിഞ്ഞു.’
അവരുടെ തൊണ്ടയിടറി.
എത്ര ആളുകള്‍, എത്ര ആഡംബരങ്ങള്‍, എത്ര ആഘോഷങ്ങള്‍. എല്ലാത്തിനും സാക്ഷിയായി വീട്. ഒടുവില്‍ പതനത്തിനും . ഇപ്പോളിവിടെ ആരവങ്ങളില്ല .
‘ഈ വീട്ടിലെങ്ങനെ ഒറ്റയ്ക്ക് ?’
‘ആരു പറഞ്ഞു ഒറ്റയ്ക്കാണെന്ന്. ഞങ്ങള്‍ മൂന്നു പേരാണ്. ഒന്ന് ഞാന്‍. മറ്റുള്ള രണ്ടുപേരില്‍ ഒന്ന് ഈശ്വരനും ഒന്ന് യമനും. രണ്ടുപേര്‍ക്കുമിടയില്‍ ആണ് ഞാന്‍ .’
അവര്‍ പൊട്ടിച്ചിരിച്ചു. പിന്നീട് ചുമച്ചു. ചുമരിലെ പെയിന്റിംഗുകള്‍ മിഴി പൂട്ടി.
‘മാഡം, ഞാന്‍ എന്നാല്‍….’
അയാള്‍ സോഫയില്‍ നിന്നും എഴുന്നേറ്റു.
‘പോവുകയാണല്ലേ?’
ഹൃദയവേദനയോടെ അവര്‍ ചോദിച്ചു. അയാള്‍ക്കൊന്നും മറുപടി പറയാനായില്ല.
‘എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു. കൈപിടിച്ചുയര്‍ത്തിയവര്‍, വളര്‍ത്തിയവര്‍ , കൂട്ടുകാര്‍ എല്ലാവരും…. സ്വന്തം മകന്‍ പോലും . തുലയട്ടെ, എല്ലാം പോകട്ടെ .
എങ്കിലും സുദേവ്,താങ്കള്‍…..’
അയാള്‍ അവരെ നോക്കിയില്ല. പക്ഷേ അവര്‍ അയാളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
‘ എന്നെ ഒരിക്കലും സ്‌നേഹിച്ചിട്ടില്ല എന്ന് സുദേവിന് പറയാമോ ?
അയാള്‍ പരുങ്ങി. പരിഭ്രമിച്ചു. പക്ഷേ ധൈര്യത്തോടെ അയാള്‍ പറഞ്ഞു.
‘ഞങ്ങള്‍ക്കെല്ലാവര്‍ക്കും മാഡത്തോട് സ്‌നേഹമായിരുന്നല്ലോ…..’
‘ എന്നിട്ട് എല്ലാവരും എവിടെ, ആ സ്‌നേഹം അല്ല സുദേവിനെന്നോട് , അതുകൊണ്ടല്ലേ….. ‘
അയാളുടെ മനസില്‍ ഓര്‍മ്മകള്‍ അലതല്ലി. എങ്ങനെ ഇത് ? വീണ ഒരിക്കലും അറിയരുതെന്ന്, ആരും ഒരിക്കലും അറിയരുത് എന്ന് വിചാരിച്ച ഒന്ന്, താനാരോടും പറഞ്ഞിരുന്നില്ല. ആരോടും. എന്നിട്ടും എങ്ങനെ ?
അയാള്‍ നിശബ്ദനായി നിന്നു. വിയര്‍പ്പ് മുത്തുകള്‍ അയാളുടെ രോമങ്ങളില്‍ നിന്നും ഷര്‍ട്ടിലേക്ക് ഇഴഞ്ഞ് ഇറങ്ങി. ഒരു കുറ്റവാളിയെപ്പോലെ. ഉരുകുന്ന മെഴുകുതിരി പോലെ അയാള്‍ അവിടെനിന്നു.
‘ ഐ വാണ്ട് യുവര്‍ പ്രസന്‍സ്. എനിയ്ക്കിപ്പോഴാണത് വേണ്ടത്. ഒരു മേലുദ്യോഗസ്ഥയെ കാണുന്നതുപോലെയല്ലാതെ എന്നെ കണ്ടു കൂടെ?’
അവര്‍ വീണ്ടും അപേക്ഷിച്ചു.
മുങ്ങിത്താഴുന്ന അയാള്‍ക്ക് പിടിവള്ളി പോലെ ഒരു ഫോണ്‍ കോള്‍ എത്തി.
‘ഹലോ, ആ മോളെ അച്ഛന്‍ വരുവാ.’
വാങ്ങാം ശരി
അയാള്‍ ഫോണ്‍ ഓഫ് ചെയ്തു.
‘മോളിയിരിക്കും
അതെ മാഡം
എന്താ പറഞ്ഞത്?
അയാള്‍ക്ക് പുതുജന്മം ലഭിച്ചു.
അവള്‍ക്ക് ചോക്ലേറ്റ് വേണമെന്ന്
ആശ്വാസത്തോടെ അയാള്‍ പറഞ്ഞു.
‘മോള്‍ക്ക് ഏത് ഫ്‌ളേവര്‍ ആണിഷ്ടം?’
ആ ചോദ്യത്തിനുത്തരം അയാള്‍ക്ക് അറിയില്ലായിരുന്നു. തലതാഴ്ത്തികൊണ്ട് അയാള്‍ പറഞ്ഞു.
‘അറിയില്ല’
എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന ശരീരം അവര്‍ സോഫയില്‍ നിന്നും വേര്‍പെടുത്തി, അകത്തേക്ക് പോയി. അവര്‍ മറഞ്ഞപ്പോള്‍ അയാളില്‍ നെടുവീര്‍പ്പ് ഉയര്‍ന്നു .
അകത്തുനിന്നും ചില ചലനങ്ങള്‍ അയാള്‍ കേട്ടു. അല്പനേരം കഴിഞ്ഞവരെത്തി.
അവരുടെ കൈയില്‍ ഒരു മിഠായി പെട്ടി ഉണ്ടായിരുന്നു.
ഇത് മോള്‍ക്ക് കൊടുക്കണം. എന്റെ മകന് ഇഷ്ടമുള്ളതായിരുന്നു .’
അയാള്‍ നിശ്ചലനായി നിന്നു.
പേടിക്കേണ്ട അങ്ങനെയൊന്നും ഇത് പകരില്ല. സൂക്ഷിച്ചു തന്നെയാണ് ഇതെടുത്തത്.
ഇതില്‍ എല്ലാം ഫ്‌ളേവറുമുണ്ട് .
അവര്‍ പുഞ്ചിരിച്ചുകൊണ്ട് അത് നല്‍കി .
പക്ഷേ അവരുടെ പഴയ ആ ചിരി കാണാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
‘ ഇതില്‍ ജീവിതത്തിന്റെ പല നിറങ്ങളാണ്. പല ഫ്‌ളേവറുകള്‍ ഉള്ള ജീവിതത്തിന്റെ പല നിറങ്ങള്‍. ‘
അയാളുടെ മനസ് പശ്ചാതാപത്താല്‍ നിറഞ്ഞു. മിഠായി പെട്ടി സ്വീകരിച്ച് അയാള്‍ പുറത്തേക്കിറങ്ങി. ജീവിതത്തിന്റെ നിറങ്ങളുള്ള ആ പെട്ടി നെഞ്ചോട് ചേര്‍ത്തു വച്ച് അയാള്‍ ബൈക്കിനരികിലേക്ക് നടന്നു.
പിന്നില്‍ ജീവിതത്തിന്റെ കതകടയുന്ന ശബ്ദം അയാള്‍ കേട്ടു . നിറമുള്ള ജീവിതത്തിന്റെ നാദം….
Story Highlights – jeevithathinte nirangal story
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here