ബിജെപി നേതാക്കളുടെ വർഗീയ പരാമർശത്തിനെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ

ഫേസ്ബുക്കിലൂടെയുള്ള ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ നടപടി സ്വീകരിക്കാത്ത ഇന്ത്യയിലെ ഫേസ്ബുക്ക് നയത്തിനെതിരെ റിപ്പോർട്ടുമായി അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ. ഇന്ത്യയിലെ ഭരണ പക്ഷത്തിന് അനുകൂല നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫേയ്ബുക്കിലെതന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കമ്പനിയുടെ പക്ഷപാത നിലപാട് വാൾസ്ട്രീറ്റ് ജേണൽ ചൂണ്ടിക്കാണിക്കുന്നത്.
കലാപത്തിന് വരെ വഴിതെളിച്ചേക്കാവുന്ന വർഗീയ പരാമർശം നടത്തിയ ബിജെപിയുടെ തെലങ്കാന എംഎൽഎ രാജ സിംഗിനെതിരെ നടപടിയെടുക്കാൻ ഫേസ്ബുക്ക് തയാറായില്ല. രാജ സിംഗിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിലക്കാതിരിക്കാൻ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അൻഖി ദാസ് ഇടപെട്ടുവെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇത് ഭരിക്കുന്ന പാർട്ടിയോടുള്ള ഫേസ്ബുക്കിന്റെ പക്ഷപാതപരമായ നടപടിയാണ്. ഫേസ്ബുക്കിലെ ചില മുൻ ഉദ്യോഗസ്ഥരെയും നലവിലുള്ള ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേണൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിവാദ പ്രസ്താവനകളുടെ പേരിൽ കുപ്രസിദ്ധനായ രാജ സിങ് റോഹിംഗ്യൻ മുസ്ലിങ്ങൾക്കെതിരെ നടത്തിയ പ്രസ്താവന ഫെയ്സ്ബുക്കിന്റെ നയങ്ങൾക്ക് വിരുദ്ധമാണ്. ഇത് ഫേസ്ബുക്ക് തന്നെ വിലയിരുത്തിയിട്ടുള്ളതുമാണ്.
എന്നാൽ, ഫേസ്ബുക്ക് നയങ്ങൾ ലംഘിക്കുന്നതിനെ തുടർന്ന് മോദിയുടെ പാർട്ടിയിൽപ്പെട്ട നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് അൻഖി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അതേസമയം, രാഷ്ട്രീയവും പാർട്ടി ബന്ധങ്ങളും പരിഗണിക്കാതെ ലോകമൊട്ടുക്കും ഒരേ നയമാണഅ ഫേസ്ബുക്ക് സ്വാകരിക്കുന്നത്. കമ്പനി അത് നടപ്പിലാക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് ഫേയ്ബുക്ക് വക്താവ് പറഞ്ഞു.
Story Highlights – Wall Street Journal says Facebook is not taking action against BJP leaders’ communal remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here