സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; കായംകുളത്ത് ഹർത്താൽ

കായംകുളത്ത് സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊലപാതക സംഘത്തിൽ ഉണ്ടായിരുന്ന വിട്ടോബ ഫൈസലിനെയാണ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘട്ടനത്തിൽ പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്. പ്രതികളെ ഉടൻ പിടികൂടണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം നടന്നത്. കായംകുളം വൈദ്യൻ വീട്ടിൽ സിയാദ് ആണ് കൊല്ലപ്പെട്ടത്. കൊവിഡ് നീരിക്ഷത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സിയാദിന് നേരെ ആക്രമണം ഉണ്ടായത്. കൂടെ ഉണ്ടായ സുഹൃത്തിനും പരുക്കേറ്റു. സിയാദിന്റെ കരളിൽ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. നിരവധി കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊല നടത്തിയത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Read Also :കായംകുളത്ത് ക്വട്ടേഷൻ സംഘം യുവാവിനെ കുത്തിക്കൊന്നു
കൊല്ലപ്പെട്ട സിയാദും മുജീബും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി മുജീബ് മയക്കുമരുന്നു ഉൾപ്പടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. സിപിഐഎം പ്രവർത്തകൻ കൂടിയ സിയാദ് ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇക്കരണത്തെ തുടർന്ന് ഉണ്ടായ തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്ന് നിഗമനത്തിലാണ് പൊലീസ്. മുജീബിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട സിയാദ് മത്സ്യവ്യാപാരിയായിരുന്നു.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയിൽ സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു.
Story Highlights – CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here