തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അന്‍പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ സ്വത്താണ് ഈ വിമാനത്താവളം. ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്. കൊവിഡിന്റെ മറവില്‍ കണ്ണായ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് നല്‍കുന്നത്. ഇത് അങ്ങേയറ്റത്തെ പ്രതിഷേധാര്‍ഹമായ നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് സ്വകാര്യ കമ്പനിക്ക് നല്‍കിയത്. അന്‍പത് കൊല്ലത്തേക്ക് സ്വകാര്യ കമ്പനിക്കായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം. കേരള സര്‍ക്കാര്‍ കമ്പനി ഉണ്ടാക്കി വിമാനത്താവളം നടത്താമെന്ന നിര്‍ദേശം കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളിക്കളഞ്ഞു.
ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ടെന്‍ഡറില്‍ കൂടുതല്‍ തുക നല്‍കിയ കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം ഇത്തരത്തിലാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് കരാര്‍ എടുക്കുന്ന കമ്പനി വിമാനത്താവള അതോറിറ്റിക്ക് ഫീസ് നല്‍കേണ്ടി വരും. അതിന് പകരം യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കാനുള്ള അധികാരം കമ്പനിക്ക് നല്‍കും.
Story Highlights – Thiruvananthapuram airport, Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here