Advertisement

മദ്യത്തില്‍ ഗുളിക കലര്‍ത്തി കവര്‍ച്ച; പൊലീസ് പിടിയിലായത് കൊലക്കേസ് പ്രതികളായ ക്വട്ടേഷന്‍സംഘം

August 22, 2020
2 minutes Read

മദ്യത്തില്‍ ഗുളിക കലര്‍ത്തി നല്‍കി കവര്‍ച്ച നടത്തിയ കേസില്‍ പൊലീസ് പിടികൂടിയത് കൊലക്കേസ് പ്രതികളായ ക്വട്ടേഷന്‍ സംഘത്തെ. കൊച്ചി മെട്രോ ജീവനക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി സന്തോഷിനെ മദ്യം നല്‍കിയ ശേഷം ദേഹോപദ്രവം ഏല്പിച്ചു ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ അഞ്ചുപേരാണ് പൊലീസ് പിടിയിലായത്. അടൂര്‍ സ്വദേശി ജാങ്കോ എന്നു വിളിക്കുന്ന അനൂപ് (30), നൂറനാട് സ്വദേശികളായ വട്ടോളി എന്നു വിളിക്കുന്ന അനൂപ് (26), ശ്യം (24), വിഴിഞ്ഞം പുല്ലൂര്‍ക്കോണം സ്വദേശി ആമ്പല്‍ എന്ന് വിളിക്കുന്ന മുഹമ്മദ് യുസുഫ് (25), തൃശൂര്‍ കല്ലൂര്‍ സ്വദേശി മാടപ്രാവ് എന്നു വിളിക്കുന്ന അനൂപ് (33), എന്നിവരാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയില്‍ ആയത്.

ഒരു ക്വാട്ടേഷന് പരിപാടിക്കായി തൃശൂര്‍ പോകും വഴി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജില്‍ തങ്ങിയ സമയത്താണ് പ്രതികള്‍ പരാതിക്കാരനെ കാണുന്നതും പരിചയ പെടുന്നതും. ഇയാളുടെ കഴുത്തില്‍ കിടന്ന എട്ടു പവന്‍ വരുന്ന സ്വര്‍ണ മാലയും, ആറു പവന്‍ വരുന്ന വളയും മോതിരവും കണ്ട പ്രതികള്‍ ഇയാളുമായി കൂടുതല്‍ അടുപ്പത്തില്‍ ആകുകയും മദ്യത്തില്‍ നൈട്രോസപം ഗുളിക കലര്‍ത്തി കുടിപ്പിച്ചു അവശനാക്കിയ ശേഷം കഴിഞ്ഞ ഒന്‍പതിനു രാത്രി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു മുങ്ങുകയായിരുന്നു. പിന്നീട് ആഭരണങ്ങള്‍ തിരിച്ചു കൊടുക്കാം എന്നു പറഞ്ഞു ചെങ്ങന്നൂരില്‍ വിളിച്ചു വരുത്തിയ ശേഷം കഴുത്തില്‍ കത്തിവെച്ചു ദേഹോപദ്രവം ഏല്‍പ്പിക്കുകയും വിവരം പൊലീസില്‍ അറിയിച്ചാല്‍ കൊന്നുകളയും എന്ന് ഭീഷണി പെടുത്തുകയും ചെയ്തു.

ലോഡ്ജില്‍ മുറിയെടുത്ത സമയം നല്‍കിയ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറുകളും വ്യാജമായിരുന്നതിനാല്‍ ഇവരെ കണ്ടെത്തുക പ്രയാസമായിരുന്നു. ഒടുവില്‍ ഇവര്‍ വന്ന വണ്ടി നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ പല സ്ഥലങ്ങളില്‍ ആയി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അടൂരിലെ ലോഡ്ജില്‍ നിന്നും പിടികൂടുകയായിരുന്നു. മാടപ്രാവ് എന്നു വിളിക്കുന്ന തൃശൂര്‍ കല്ലൂര്‍ സ്വദേശി അനൂപിന് ഒല്ലൂര്‍ സ്റ്റേഷനില്‍ കൊലപാതക കേസും, ആമ്പല്ലൂര്‍, പുതുക്കാട്, എന്നീ സ്റ്റേഷനുകളില്‍ വധ ശ്രമ കേസുകളും, മഞ്ചേരി, കല്‍പ്പറ്റ സ്റ്റേഷനുകളില്‍ കവര്‍ച്ച കേസും, കുഴല്‍പ്പണ കേസും, മോഷണ കേസുകളും, ജാങ്കോ എന്നു വിളിക്കുന്ന അടൂര്‍ സ്വദേശി അനൂപിന് അടൂര്‍ സ്റ്റേഷനില്‍ കൊലപാതക കേസും, നിരവധി വധ ശ്രമ കേസുകളും, വട്ടോളി എന്നു വിളിക്കുന്ന നൂറനാട് സ്വദേശി അനൂപിന് പന്തളം സ്റ്റേഷനില്‍ മാലപൊട്ടിക്കല്‍ കേസും, ആമ്പല്‍ എന്നു വിളിക്കുന്ന വിഴിഞ്ഞം സ്വദേശി മുഹമ്മദ് യൂസഫിന് മയക്കു മരുന്ന് കേസുകളും നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയില്‍ ആകാനുണ്ട്.

Story Highlights Qutations team arrested by police in theft case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top