ഇ-വേ ബില്ലിന് എതിരെ ചെറുകിട സ്വർണ വ്യാപാരികൾ; ജിഎസ്ടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് പിഴവെന്നും ആരോപണം

സ്വർണാഭരണ മേഖലയിൽ സംസ്ഥാനത്ത് നടപ്പാക്കാൻ ആലോചിക്കുന്ന ഇ- വേ ബില്ലിനെതിരെ ചെറുകിട സ്വർണ വ്യാപാരികൾ സമരത്തിലേക്ക്. ഒരു പവൻ സ്വർണവുമായി പോകുന്ന ആളിനെ പോലും കേസിൽ പെടുത്താൻ സാധിക്കുന്ന തരത്തിലാണ് വ്യവസ്ഥകളെന്നാണ് വ്യാപാരികൾ കുറ്റപ്പെടുത്തൽ. ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ഇവരുടെ ആവശ്യം.
വിമാനത്താവളങ്ങൾ വഴി വരുന്ന സ്വർണ കള്ളക്കടത്ത് തടയാനാണ് സർക്കാർ ഇ വേ ബിൽ സമ്പ്രദായം നടപ്പിലാക്കാൻ ആലോചിക്കുന്നത്. എന്നാൽ ഇത് നടപ്പിലാക്കിയാലും കള്ളക്കടത്ത് തടയാൻ കഴിയില്ലെന്നും ചെറുകിട സ്വർണ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി 1000 ടണ്ണില്‍ അധികം സ്വർണം കള്ളക്കടത്തായി കേരളത്തിലെത്തിയിട്ടുണ്ട്. ഇതിൽ ഒരു ഗ്രാം സ്വർണം പോലും ജിഎസ്ടി ഉദ്യോഗസ്ഥർ പിടിച്ചിട്ടില്ല.
Read Also : തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം തട്ടിയെടുത്തു
കള്ളക്കടത്തായി എത്തുന്ന സ്വർണം എവിടെ വച്ചാണ് ആഭരണങ്ങളാക്കി മാറ്റുന്നതെന്ന് പോലും ജിഎസ്ടി ഉദ്യോഗസ്ഥർ അന്വേഷിക്കുന്നില്ല. നിയമം നടപ്പായാൽ വ്യാപാരശാലകളിൽ സ്റ്റോക്കിൽപ്പെടുന്ന സ്വർണം ഹോൾമാർക്കിനായി കൊണ്ടുപോകുമ്പോൾ ഉദ്യോഗസ്ഥർ ഇ-വേ ബിൽ ആവശ്യപ്പെട്ടാൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും വ്യാപാരികൾ പറയുന്നു.
സ്വർണാഭരണം വിൽക്കുന്നതിനോ പണയം വയ്ക്കുന്നതിനോ പോകുന്നവരെ കേസിൽ കുടുക്കാൻ കഴിയുന്ന അധികാരം ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നൽകുന്നത് ശരിയല്ല. ‘ഒരു രാജ്യം ഒരു നികുതി’ എന്ന ലക്ഷ്യത്തിന് വിപരീതമായാണ് കേരളത്തിൽ മാത്രം ഈ നിയമം നടപ്പാക്കാനൊരുങ്ങുന്നതെന്നും വ്യാപാരികൾ പറയുന്നു.
Story Highlights – gold, smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here